2024 ലെ പാരീസ് ഒളിമ്പിക്സിന്‍റെ മുന്നോടിയായി പുരാതന ഒളിമ്പിയയില്‍ ദീപശിഖ തെളിയിച്ചു. പ്രാചീന ഒളിമ്പിക്‌സിന്റെ വേദിയായിരുന്നു ഒളിമ്പിയ. ഗ്രീക്ക് നടി മേരി മിനയാണ് ദീപം തെളിയിച്ചത്. ദീപശിഖ ഇനി രാജ്യങ്ങള്‍ സഞ്ചരിച്ച് മല്‍സരവേദിയായ പാരീസിലെത്തും. മെയ് എട്ടിനാണ് ദീപശിഖ ഫ്രാന്‍സില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിമ്പിക്സ്
ചൊവ്വാഴ്ച ഇന്ത്യന്‍സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ദീപം തെളിയിക്കുന്നത്. പുരാതന ഗ്രീസിലെ പാരമ്പര്യങ്ങളും മൂല്യങ്ങളും ഉള്‍ക്കൊണ്ട ചടങ്ങിലായിരുന്നു ദീപം തെളിയിച്ചത്. കണ്ണാടിയിലേക്ക് സൂര്യപ്രകാശം പതിപ്പിച്ച് പരമ്പരാഗത രീതിയിലാണ് ദീപം തെളിയിച്ചത്. ആദ്യം 2020 ടോക്യോ ഒളിമ്പിക്‌സിലെ റോവിങ്ങില്‍ സ്വര്‍ണജേതാവായ ഗ്രീസിന്റെ സ്റ്റെഫാനോസ് ദൗസ്‌കോസ് ദീപശിഖ ഏറ്റുവാങ്ങി. ശേഷം ഇത്തവണ ഒളിമ്പിക്സ് നടക്കുന്ന പാരീസിന്‍റെ പ്രതിനിധിയും നീന്തലില്‍ മൂന്ന് തവണ ഒളിമ്പിക് മെഡല്‍ ജേതാവുമായ ലോര്‍ മനൗഡൗവിന് ദീപം കൈമാറി.
അടുത്ത 11 ദിവസം ഗ്രീസിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലൂടെ 5,000 കിലോമീറ്റർ ദീപ ശിഖ പ്രയാണം നടത്തും. ഗ്രീസില്‍ മാത്രം 600 ഓളം ദീപശിഖാ വാഹകര്‍ ചടങ്ങില്‍ പങ്കെടുക്കും. ഏപ്രില്‍ 26-ന് ഏഥന്‍സിലെ പനതിനായിക് സ്റ്റേഡിയത്തില്‍വെച്ച് ദീപം പാരീസ് ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് ഔദ്യോഗികമായി കൈമാറും. 1986-ല്‍ നടന്ന ആദ്യത്തെ ആധുനിക ഒളിമ്പിക്‌സിന്റെ വേദിയായിരുന്നു പനതിനായിക് സ്റ്റേഡിയം. തുടര്‍ന്ന് 120 വര്‍ഷം പഴക്കമുള്ള ബേലേം കപ്പലില്‍ ദീപശിഖ ഫ്രഞ്ച് തുറമുഖമായ മാര്‍സെയിലേക്ക് പുറപ്പെടും.
മെയ് എട്ടിനായിരിക്കും ദീപശിഖ ഫ്രാന്‍സിലെത്തുന്നത്. 10,000 ദീപശിഖാ വാഹകരുടെ കൈകളിലൂടെ സഞ്ചരിച്ച് ജൂലായ് 26-ന് ദീപശിഖ പാരീസിലെത്തും. പിന്നീട് ഒളിമ്പിക്സിന്‍റെ സമാപന ചടങ്ങ് വരെ ദീപശിഖ പാരീസില്‍ ജ്വലിക്കും, ഓഗസ്റ്റ് 28 മുതൽ സെപ്തംബർ 8 വരെ നടക്കുന്ന പാരാലിമ്പിക് ഗെയിംസിലും ജ്വാല പ്രകാശിക്കും.
1900-നും 1924-നും ശേഷം മൂന്നാം തവണയാണ് പാരീസ് നഗരം ഒളിമ്പിക്‌സിന് വേദിയാകുന്നത്. ഗ്രീക്ക് പ്രസിഡന്റ് കാതരീന സക്കെല്ലറാപൗലു, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക് തുടങ്ങി അറുന്നൂറോളം വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സിലാണ് ദീപശിഖ ചടങ്ങ് തുടങ്ങിയത്.