ആറ് ഓവറില്‍ 93 റണ്‍സ്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് മുന്‍പില്‍ വെച്ച കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്സ് പവര്‍പ്ലേയിലും തകര്‍ത്തടിച്ചു. ഐപിഎല്ലിലെ പഞ്ചാബിന്റെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണ് ഇത്. പവര്‍പ്ലേയിലെ ആനുകൂല്യം പരമാവധി മുതലെടുത്തതിന് പിന്നാലെയെത്തിയ പഞ്ചാബിന്റെ ട്വീറ്റും ആരാധകര്‍ ഏറ്റെടുത്തു.
വൈറലായ ഫഹദിന്റെ കരിങ്കാളി റീലുമായാണ് പഞ്ചാബിന്റെ ട്വീറ്റ് എത്തിയത്. കൊല്‍ക്കത്തയുടെ പവര്‍പ്ലേ സ്കോറും പഞ്ചാബ് കിങ്സിന്റെ പവര്‍പ്ലേ സ്കോറും തമ്മില്‍ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. ഇതോടെ രംഗയുടെ എട മോനെ ഡയലോഗുമായി ആരാധകര്‍ കമന്റ് ബോക്സിലെത്തുന്നു.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പേരിലാണ് പവര്‍പ്ലേയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഈ സീസണില്‍ ഡല്‍ഹിക്കെതിരെ പവര്‍പ്ലേയില്‍ 125 റണ്‍സ് ആണ് ഹൈദരാബാദ് അടിച്ചെടുത്തത്. 2017ല്‍ ആര്‍സിബിക്കെതിരെ കൊല്‍ക്കത്ത നേടിയ 105 റണ്‍സ് ആണ് പവര്‍പ്ലേയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍.
Punjab Kings with ranga reel