ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഇടം നേടാനാവാതെ പോയത് റിങ്കു സിങിന്റെ ഹൃദയം തകര്‍ത്തതായി പിതാവ്. റിങ്കു ടീമില്‍ ഉള്‍പ്പെടുമെന്ന് വിശ്വസിച്ച് ആഘോഷിക്കാനായി മധുരപലഹാരങ്ങളും പടക്കങ്ങളും തങ്ങള്‍ വാങ്ങിവെച്ചിരുന്നതായും ഖന്‍ചന്ദ്ര സിങ് പറയുന്നു. 

പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ചെറിയ സങ്കടമുണ്ട്. മധുരവും പടക്കവുമെല്ലാം വാങ്ങിവെച്ചിരുന്നു ഞങ്ങള്‍ ആഘോഷിക്കാനായി. പ്ലേയിങ് ഇലവനില്‍ റിങ്കുവിന് സ്ഥാനം ലഭിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. അവന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ടീമില്‍ ഇടംലഭിച്ചില്ലെന്ന് അമ്മയെ വിളിച്ച് അവന്‍ പറഞ്ഞു. എന്നാല്‍ ടീമിനൊപ്പം അവന്‍ യാത്ര ചെയ്യുമെന്നും പറഞ്ഞു, റിങ്കുവിന്റെ പിതാവ് പറയുന്നു. 

റിങ്കു സിങിനെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. 15 ട്വന്റി20യാണ് ഇന്ത്യക്ക് വേണ്ടി റിങ്കു ഇതുവരെ കളിച്ചത്. നേടിയത് 350 റണ്‍സ്. ബാറ്റിങ് ശരാശരി 89. സ്ട്രൈക്ക്റേറ്റ് 175. ഫിനിഷറുടെ റോളില്‍ കിട്ടിയ അവസരങ്ങളെല്ലാം റിങ്കു പ്രയോജനപ്പെടുത്തിയിട്ടും ലോകകപ്പ് ടീമില്‍ റിങ്കുവിന് മുകളില്‍ ശിവം ദുബെയേയും ഹര്‍ദിക് പാണ്ഡ്യയേയും സെലക്ടര്‍മാര്‍ പരിഗണിക്കുകയായിരുന്നു.‌‌

ഇന്ത്യന്‍ ടീമിനൊപ്പം നിന്ന് റിങ്കുവിന്റെ ബാറ്റില്‍ നിന്ന് ഇതിനോടകം 20 സിക്സുകള്‍ പറന്നുകഴിഞ്ഞു. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ മാച്ച് വിന്നിങ് ഇന്നിങ്സുമായാണ് റിങ്കു നിറഞ്ഞത്. 

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് ജയിക്കാന്‍ 30 റണ്‍സ് വേണ്ട സമയം യഷ് ദയാലിനെ അഞ്ച് വട്ടം സിക്സ് പറത്തിയാണ് റിങ്കു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിക്കുന്നത്. 

Rinku Singh's Father reaction