ഇന്ത്യന്‍ ടീമില്‍ സിലക്ഷന്‍ കിട്ടിയശേഷം സഞ്ജു സാംസണിന്റെ ആദ്യ ഐപിഎല്‍ മല്‍സരം ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മല്‍സരം. ഇതുവരെ കളിച്ച 9 മല്‍സരങ്ങളില്‍ എട്ടും ജയിച്ച് 16 പോയന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനത്താണ് റോയല്‍സ്. 9 കളികളില്‍ നാലെണ്ണം ജയിച്ച സണ്‍റൈസേഴ്സ് പോയന്റ് നിലയില്‍ അഞ്ചാംസ്ഥാനത്താണ്. കഴിഞ്ഞ രണ്ട് കളികളില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടും ചെന്നൈ സൂപ്പര്‍ കിങ്സിനോടും തോല്‍വി ഏറ്റുവാങ്ങിയതിന്റെ ആശങ്ക ടീമിനുണ്ട്. റോയല്‍സാകട്ടെ കഴിഞ്ഞ നാല് കളികളിലും മികച്ച വിജയം നേടിയിരുന്നു. ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചാണ് റോയല്‍സിന്റെ കുതിപ്പ്. എന്നാല്‍ സണ്‍റൈസേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ വിജയം അനിവാര്യമാണ്.
9 കളികളില്‍ നിന്ന് 4 അര്‍ധസെഞ്ചറികളടക്കം 385 റണ്‍സ് നേടിയ സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് സ്കോറര്‍. നാലുമല്‍സരങ്ങളില്‍ പുറത്താകാതെ നിന്ന സഞ്ജുവിന്റെ ബാറ്റിങ് ശരാശരി 77 ആണ്. സ്ട്രൈക്ക് റേറ്റ് 161.08. ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് 17 സിക്സറുകളും 36 ബൗണ്ടറികളും പിറന്നു. റിയാന്‍ പരാഗ്, ജോസ് ബട്ട്‍ലര്‍ എന്നിവരും ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചിലുണ്ട്. സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാളും യൂസ്‌വേന്ദ്ര ചാഹലും ട്വന്റി ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്നുതവണ 250 റണ്‍സിന് മേല്‍ സ്കോര്‍ ചെയ്ത ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 266, റോയല്‍ ചലഞ്ചേഴ്സിനെതിരെ 287, മുംബൈ ഇന്ത്യന്‍സിനെതിരെ 277. മൂന്നുകളികളിലും അവര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. ബാറ്റര്‍മാരുടെ മികവില്‍ത്തന്നെയാണ് സണ്‍റൈസേഴ്സിന്റെ പ്രതീക്ഷ. എന്നാല്‍ ബാറ്റര്‍മാര്‍ നിറംമങ്ങിയപ്പോഴെല്ലാം തോറ്റിട്ടുണ്ട് എന്നത് അവര്‍ക്ക് ആശങ്കയാണ്. ഓള്‍റൗണ്ട് മികവില്‍ മുന്നിലുള്ള രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ ഒന്നോരണ്ടോ പേരുടെ മികവുകൊണ്ടുമാത്രം സാധിക്കില്ലെന്ന തിരിച്ചറിവും ഹൈദരാബാദിനുണ്ട്.