പിഎസ്ജി വിടുന്നതായി ആദ്യമായി സ്ഥിരീകരിച്ച് കിലിയന്‍ എംബാപ്പെ. ആരാധക സംഘമായ പിഎസ്ജി അള്‍ട്രാസിന് യാത്രപറഞ്ഞുകൊണ്ട് വിഡിയോ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഫെബ്രുവരിയിലാണ് പി.എസ്.ജി വിടുന്നതിനെ കുറിച്ച് ആദ്യ സൂചനകള്‍ പുറത്തുവന്നത്. സമൂഹ മാധ്യമമായ എക്സിലാണ് എംബപ്പെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള സന്ദേശം അറിയിച്ചത്.അങ്ങേയറ്റം വികാര നിര്‍ഭരമായ സമയത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്ന് പറഞ്ഞ താരം, റയലിലേക്കെന്ന സൂചനകളും നല്‍കി. ക്ലബ് വിടുകയാണെന്ന, രാജ്യം വിടുകയാണെന്ന തീരുമാനം ആരാധകരെ അറിയിക്കുക ഇത്ര ദുഷ്കരമാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും എന്നാല്‍ ഏഴു വര്‍ഷത്തിന് ശേഷം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറെടുക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിഡിയോ സന്ദേശമിങ്ങനെ.. 'നിങ്ങളോട് സംസാരിക്കാനുള്ള സമയം ആകുമ്പോള്‍ പറയാമെന്ന് നേരത്തെ പറഞ്ഞരുന്നില്ലേ, ആ സമയം ഇതാ വന്നിരിക്കുകയാണ്. പി.എസ്.ജിയ്ക്കൊപ്പമുള്ള എന്‍റെ അവസാന വര്‍ഷമാണിതെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു. അങ്ങേയറ്റം വികാരനിര്‍ഭരമാണ് ഈ സമയം. ഫ്രഞ്ച് ക്ലബിന്‍റെ ആരാധകരുടെ സ്നേഹം പി.എസ്.ജിയുടെ ഭാഗമായി ആവോളം അനുഭവിച്ചു. കളിക്കാരന്‍ എന്ന നിലയില്‍ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും വളരാന്‍, മികച്ച താരങ്ങള്‍ക്കൊപ്പം, മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനും കഴിഞ്ഞു. വ്യക്തിയെന്ന നിലയിലെ വളര്‍ച്ചയിലും ഈ കാലം നിര്‍ണായകമായിരുന്നു'

225 ഗോളുകളുമായി പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡോഡെയാണ് എംബപ്പെ ഇറങ്ങുന്നത്.  200 ഗോളുകള്‍ നേടിയ എഡിന്‍സണ്‍ കവാനിയാണ് രണ്ടാമത്. ഇബ്രാഹിമോവിച് മൂന്നാമതും നെയ്മര്‍ 118 ഗോളുമായി നാലാമതുമാണ്.

അതേസമയം, എംബപ്പെയുടെ കൂടുമാറ്റം സംബന്ധിച്ച് ക്ലബുകള്‍ തമ്മില്‍ അന്തിമ ധാരണയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊന്നുംവില കൊടുത്തും 25കാരനായ എംബപ്പയെ സ്വന്തമാക്കാന്‍ ഉറച്ചിരിക്കുകയാണ് റയലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘകാലമായി ഇതിനായുള്ള ശ്രമം ക്ലബ് നടത്തുകയും െചയ്തിരുന്നു.  2021 ല്‍ 22 കോടി യൂറോയാണ് എംബപ്പെയ്ക്കായി വില വീണത്. എന്നാല്‍ മൂന്ന് വര്‍ഷം കൂടി പി.എസ്.ജിക്കൊപ്പം നില്‍ക്കാനായിരുന്നു എംബപ്പെ അന്ന് തീരുമാനിച്ചത്. കഴി‍ഞ്ഞ വര്‍ഷം 30 കോടി യൂറോയാണ് സൗദി ക്ലബായ അല്‍ ഹിലാല്‍ എംബപ്പെയ്ക്കായി പി.എസ്.ജിയോട് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ ഓഫര്‍ എംബപ്പെ നിരസിക്കുകയായിരുന്നു. മേയ് 25നാണ് പി.എസ്.ജി കുപ്പായത്തിലെ എംബപ്പെയുടെ അവസാന മല്‍സരം.

 

Kylian Mbappe confirms Paris Saint-Germain exit at end of season