ഐപിഎല്‍ 2024 സീസണിലെ മോശം കാഴ്ചകളിലൊന്നായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്‍റ് ക്യാപ്റ്റനെതിരെയുള്ള ടീം ഉടമയുടെ ചൂടന്‍ വര്‍ത്തമാനം. സണ്‍റൈസേഴ്സ് ഹൈദാബാദിനെതിരായ തോല്‍വിക്ക് പിന്നാലെയാണ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനോട് ടീം ഉടമ സഞ്ജീവ് ഗോയങ്ക ചൂടായി സംസാരിച്ചത്. മൈതാനത്ത് വച്ചുള്ള ഇരുവരുടെ സംഭാഷണത്തിലെ ഭാവങ്ങള്‍ ടെലിവിഷന്‍ ക്യാമറ ഒപ്പിയെടുത്തതോടെ സംഭാഷണം വിവാദമായി. ലഖ്നൗ സൂപ്പര്‍ ജയ്ന്‍റ്സിനെതിരെ 166 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് ടീം 9.4 ഓവറില്‍ വിജയം നേടിയിരുന്നു. വമ്പന്‍ പരാജയത്തിന് പിന്നാലെയായിരുന്നു ഗോയങ്കയുടെ ഇടപെടല്‍. ട്രാവിസ് ഹെഡ്ഡിന്‍റെയും അഭിഷേക് ശര്‍മയുടെയും ആദ്യ വിക്കറ്റിലെ കൂറ്റനടിയില്‍ ലഖ്നൗവിന് നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ.
വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ താരം സെവാഗും ഇടപെട്ടു. ടീം മുതലാളിമാര്‍ താരങ്ങളോടും പിച്ചില്‍ പണിയെടുക്കുന്ന സ്റ്റാഫുകളോടും ദേഷ്യപ്പെടുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് സെവാഗിന്‍റെ നിര്‍ദ്ദേശം. എന്ത് സംഭവിച്ചാലും മുതലാളിമാര്‍ ലാഭമുണ്ടാക്കുന്നുണ്ട്, അതിനാല്‍ ഡ്രസിംഗ് റൂമിലോ വാര്‍ത്ത സമ്മേളനങ്ങളിലോ താരങ്ങളെ കാണുമ്പോള്‍ അവരെ മോട്ടിവേറ്റ് ചെയ്യുക എന്നതാണ് ടീം മുതലാളിമാരുടെ ജോലിയെന്നും സെവാഗ് പറഞ്ഞു.
'എന്ത് പറഞ്ഞാലും ഇതൊക്കെ ബിസിനസാണ്. ഇവര്‍ക്ക് ലാഭവും നഷ്ടവും മാത്രമെ മനസിലാവുകയുള്ളൂ. ഇവിടെ നഷ്ടത്തിന്‍റെ കണക്കില്ല. പിന്നെന്താണ് നിങ്ങളെ അലട്ടുന്നത്. 400 കോടി ലാഭമാണ് ഉണ്ടാക്കുന്നത്. ഉടമകള്‍ ഒന്നും ചെയ്യേണ്ടതില്ലാത്ത ഒരു ബിസിനസാണിത്. അത് ശ്രദ്ധിക്കാൻ ടീമില്‍ ആളുകളുണ്ട്. എന്ത് സംഭവിച്ചാലും, നിങ്ങൾ ലാഭം നേടുന്നു. അതിനാല്‍ നിങ്ങളുടെ ജോലി താരങ്ങളെ പ്രചോദിപ്പിക്കുക മാത്രമാണ്' സെവാഗ് പറഞ്ഞു.
12 മല്‍സരങ്ങളില്‍ നിന്ന് ആറു വീതം ജയവും തോല്‍വിയുമുള്ള ലഖ്നൗ സൂപ്പര്‍ ജയ്ന്‍റ്സ് പോയിന്‍റ് പട്ടികയില്‍ ഏഴാമതാണ്. പ്ലേഓഫ് സാധ്യത മങ്ങിയ ടീമിന് നാളെ ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് അടുത്ത മല്‍സരം.
Sehwag Says IPL Team Owners Get 400 Crore Profit So Players Should Be Motivated