harbhajan

ഐപിഎല്ലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലോകകപ്പില്‍ തിരിച്ചടിയായേക്കുമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ടി20 ലോകകപ്പ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ഇന്ത്യന്‍‍ താരങ്ങളെല്ലാം ഐപിഎല്‍ ടൂര്‍ണമെന്‍റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും പ്രാക്ടീസിന് മതിയായ സമയം ലഭിക്കില്ലെന്നുമുള്ള ആശങ്കയാണ് ഹര്‍ഭജന്‍ പങ്കുവെച്ചത്.  

 

 

ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെട്ട ഇംഗ്ലണ്ട് താരങ്ങള്‍ ഇതിനോടകം ഇന്ത്യ വിട്ടിരുന്നു. രാജസ്ഥാന്‍റെ വിശ്വസ്ത താരം ജോസ് ബട്ട്ലര്‍, ആര്‍.സി.ബിയുടെ വെടിക്കെട്ട് ബാറ്റര്‍ വില്‍ ജാക്സ് ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ദേശീയ ടീമിനു വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോഴും ഐപിഎല്‍ പ്ലേ ഓഫിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. തയ്യാറെടുപ്പിൻ്റെ അഭാവം ടീമിനെ ബാധിക്കുമോ എന്നാണ് താരത്തിന്‍റെ ആശങ്ക. 

 

 

മെയ് 26 ന് ഐപിഎൽ ഫൈനൽ നടക്കുന്നതിനാൽ, ഇന്ത്യൻ കളിക്കാർക്ക് ഒരുമിച്ച് ടി20 ലോകകപ്പിന് തയ്യാറെടുക്കാൻ വേണ്ടത്ര സമയമില്ല. ലോകകപ്പിനായി മറ്റ് ടീമുകള്‍ ക്യാമ്പുകള്‍ നടത്തുമ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ ഐപിഎല്ലിന്‍റെ തിരക്കിലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്ലേഓഫിലേക്ക് കടക്കുന്ന ടീമുകളിലെ താരങ്ങളെയാകും ഇത് കൂടുതല്‍ ബാധിക്കുക. 

 

 

ഐപിഎല്ലിനും ലോകകപ്പ് പോലുള്ള പ്രധാന ഐസിസി ഇവൻ്റുകൾക്കും ഇടയിൽ 10-15 ദിവസത്തെ ഇടവേള ആവശ്യമാണെന്ന് ഹര്‍ഭജന്‍ ആവശ്യപ്പെട്ടു. ടൂര്‍ണമെന്‍റിനു മുന്‍പ് തന്നെ ടീം ഒന്നുചേര്‍ന്ന് നാലോ അഞ്ചോ മത്സരങ്ങള്‍ കളിക്കുന്നത് ഗുണം ചെയ്തേക്കുമെന്നാണ് താരത്തിന്‍റെ അഭിപ്രായം. എന്നാല്‍ ലോകകപ്പിന് മുന്‍പ് അമേരിക്കയില്‍ വെച്ച് രണ്ട് മത്സരങ്ങള്‍ മാത്രമേ കളിക്കാനുള്ള അവസരമുള്ളൂ.