ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയും ജീവിതത്തില്‍ ജോഡികളാകുമോ എന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ. ആരാധകരെ പക്ഷേ നിരാശരാക്കുന്നതാണ് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സയുടെ പ്രതികരണം. ഷമിയെ സാനിയ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്ന് ഇംമ്രാന്‍ മിശ്ര ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പാക് ക്രിക്കറ്റ് താരം ശുഐബ് മാലികുമായുള്ള ബന്ധം സാനിയ നേരത്തെ വേര്‍പെടുത്തിയിരുന്നു. ഹസിന്‍ ജഹാനുമായി ഷമിയും പിരിഞ്ഞാണ് കഴിയുന്നത്. ഇതിനിടയലാണ് ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും 2010 ലെ സാനിയയുടെ വിവാഹചിത്രം മോര്‍ഫ് ചെയ്തതാണെന്നും കണ്ടെത്തിയിരുന്നു. ശുഐബ് മാലിക്കിന്‍റെ മുഖത്ത് ഷമിയുടെ ചിത്രം ചേര്‍ത്തുവച്ചുള്ള ഫൊട്ടോയാണ് പ്രചരിച്ചത്. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപണില്‍ കമന്‍റേററുടെ റോളില്‍ തിളങ്ങിയ സാനിയ, ഹജ്ജ് അനുഷ്ഠിക്കാന്‍ പോയതിന്‍റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവിലൂടെയാണ് കടന്ന് പോകുന്നതെന്നും അറിഞ്ഞും അറിയാതെയും വന്നുപോയ പിഴവുകള്‍ക്ക് മാപ്പപേക്ഷിക്കുകയാണെന്നും താരം കുറിച്ചിരുന്നു. കൂടുതല്‍ നല്ല മനുഷ്യനായി, ഹൃദയ നൈര്‍മല്യമുള്ളവളായി മടങ്ങി വരാന്‍ കഴിയണമെന്നാണ് തന്‍റെ പ്രാര്‍ഥനയെന്നും അവര്‍ ആരാധകരെ അറിയിച്ചു.
പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് അടുത്തയിടെയാണ് സാനിയ വിരമിച്ചത്. മുന്‍ഭര്‍ത്താവായ ശുഐബ് മാലിക്കുമായി സാനിയ ഇസ്ലാം നിയമത്തിലെ 'ഖുല'യിലൂടെ വിവാഹമോചനം നടത്തിയെന്നാണ് സാനിയയുടെ കുടുംബം വെളിപ്പെടുത്തിയത്. സ്വകാര്യത മാനിച്ച് മറ്റ് ചര്‍ച്ചകളില്‍ നിന്ന് തല്‍ക്കാലം സാനിയയെ ഒഴിവാക്കണമെന്നും കുടുംബം കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. മകന്‍ ഇസ്ഹാന്‍ സാനിയയ്ക്കൊപ്പമാണുള്ളത്. ശുഐബിന്‍റെ വിവാഹേതര ബന്ധങ്ങളാണ് ഇരുവരുടെയും ഒരുമിച്ചുള്ളജീവിതം തകര്‍ത്തതെന്നും ശുഐബിന്‍റെ കുടുംബം പോലും താരത്തിന്‍റെ മൂന്നാം വിവാഹത്തില്‍ പങ്കെടുത്തില്ലെന്നും സഹോദരിമാരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗാര്‍ഹിക പീഡനം ആരോപിക്കപ്പെട്ടതോടെയാണ് മുഹമ്മദ് ഷമിയുടെ പേരുകള്‍ മാധ്യമങ്ങളുടെ ഗോസിപ് പേജുകളില്‍ നിറഞ്ഞത്. ഒപ്പം വാതുവയ്പ് വിവാദവും ഉയര്‍ന്നു. ഷമിയും മുന്‍ഭാര്യ ഹസിന്‍ ജഹാനുമായുള്ള നിയമയുദ്ധം വലിയ ചര്‍ച്ചയായി. ഇത്തരം പ്രതിസന്ധികളെ മറികടന്ന് ഏകദിന ലോകകപ്പില്‍ മിന്നും പ്രകടനമാണ് ഷമി പുറത്തെടുത്തത്. ഉപ്പൂറ്റിക്കേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമി സുഖം പ്രാപിച്ച് വരികയാണ്.