ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം പന്തിൽ കൃത്രിമം കാട്ടിയെന്ന ഗുരുതര ആരോപണവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ചീഫ് സിലക്ടറുമായ ഇൻസമാം ഉൾ ഹഖ് രംഗത്ത്. ഓസ്ട്രേലിയയ്‌ക്കെതിരെ തിങ്കളാഴ്ച നടന്ന സൂപ്പർ എട്ട് മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. ഇന്ത്യയുടെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങിന് ലഭിച്ച അസാധാരണ റിവേഴ്സ് സ്വിങ് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയെന്ന ഗുരുതര ആരോപണം ഇൻസമാം ഉന്നയിച്ചിരിക്കുന്നത്. 

‘അർഷ്ദീപ് സിങ് 16–ാം ഓവർ ബോൾ ചെയ്യുന്ന സമയത്ത് അയാൾക്ക് റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. താരതമ്യേന പുതിയ പന്തുവച്ച് എങ്ങനെയാണ് ഇത്ര നേരത്തേ റിവേഴ്സ് സ്വിങ് കണ്ടെത്താനാകുക? 12–ാം ഓവറും 13–ാം ഓവറും ആയപ്പോഴേക്കും പന്തിന് റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നോ? അർഷ്ദീപ് പന്തെറിയാൻ എത്തിയപ്പോൾത്തന്നെ റിവേഴ്സ് സ്വിങ് ലഭിച്ചു. ഇത്തരം കാര്യങ്ങളിൽ അംപയർമാർ കണ്ണു തുറന്നുവയ്ക്കുന്നതു നല്ലതാണ്’ ഒരു പാക്കിസ്ഥാൻ ടെലിവിഷൻ ചാനലിൽ സംസാരിക്കുമ്പോൾ ഇൻസമാം പറഞ്ഞു. മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 24 റൺസിനു തോൽപ്പിച്ച് സെമിയിൽ കടന്നിരുന്നു.

ENGLISH SUMMARY:

India accused of ball-tampering against Australia by Inzamam-ul-Haq