വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ട്വന്‍റി20 ലോകകിരീടം നേടുകയും  ഹാര്‍ദിക് പാണ്ഡ്യ നിര്‍ണായക പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തതോടെ ശ്രദ്ധാകേന്ദ്രമായത് നതാഷയാണ്. പങ്കാളിയുടെ വിജയത്തില്‍ അഭിനന്ദന സന്ദേശങ്ങള്‍ ഒന്നും പ്രത്യക്ഷപ്പെടാതിരുന്നതോടെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ ബലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ 'ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നു പോകുന്നു'വെന്നാണ് മുന്‍ ബിഗ്ബോസ് താരവും നര്‍ത്തകിയും കൂടിയായ അവര്‍ കുറിച്ചത്. പോസ്റ്റിന് പിന്നാലെ അത്ര സുഖകരമല്ലാത്ത കമന്‍റുകളാണ് നതാഷയുടെ പോസ്റ്റിന് ചുവടെ നിറഞ്ഞത്. 

സ്വയം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന സൂചനകള്‍ നതാഷയുടെ സമൂഹമാധ്യമ പോസറ്റിലുണ്ടായിരുന്നു. 'കേള്‍ക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ച ഒരുകാര്യം ഇന്ന് വായിക്കാനിടയായി. കാറിലിരുന്ന് ബൈബിള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കിട്ടിയത് നിങ്ങളോടും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. അതിങ്ങനെയാണ്..ദൈവം നിങ്ങള്‍ക്ക് മുമ്പായി പോകുന്നു, നിനക്കൊപ്പമുണ്ടാകും. നിങ്ങളെ ഒരുനാളും ഉപേക്ഷിക്കയും കൈവിടുകയുമില്ല. ഭയപ്പെടേണ്ട. പ്രയാസമേറിയ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ നമ്മള്‍ ധൈര്യം ക്ഷയിച്ചവരും നിരാശരും, വിഷാദവതികളും, ചിലപ്പോഴൊക്കെ സ്വയം നഷ്ടപ്പെട്ട അവസ്ഥയിലുമാകും. എന്നാലും ദൈവം നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ കടന്നുപോകുന്നതെന്താണെന്ന് അവിടുന്ന് അറിയുന്നു. ദൈവത്തിന് നിങ്ങളെ കുറിച്ച് ഒരു പദ്ധതിയുണ്ട്' എന്നായിരുന്നു നതാഷയുടെ കുറിപ്പ്. 

ഈ പോസ്റ്റിന് മുന്‍പ് നതാഷ വെള്ള ക്രോപ് ടോപും ചാരനിറത്തിലെ പാന്‍റും ധരിച്ച ചിത്രം പങ്കുവയ്ക്കുകയുണ്ടായി. 'ഫിറ്റ് ചെക്ക്' എന്നായിരുന്നു നതാഷ നല്‍കിയ കാപ്ഷന്‍. ഇതിന് പിന്നാലെയാണ് ലോകകപ്പ് ജയത്തെ കുറിച്ച് എന്താണ് ഒന്നും മിണ്ടാത്തതെന്ന് ചോദ്യമുയര്‍ന്നത്. 'ഹാര്‍ദിക് ലോകകപ്പ് നേടി, അറിഞ്ഞില്ലേ?, അഭിനന്ദന പോസ്റ്റ് എവിടെ, എന്താണ് ഒന്നും മിണ്ടാത്തത് എന്നിങ്ങനയായിരുന്നു കമന്‍റുകള്‍.

ഐപിഎല്ലിന് പിന്നാലെയാണ് നതാഷയും ഹാര്‍ദികും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്. ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നിന്നും ഹാര്‍ദികിന്‍റെ പേര് നതാഷ നീക്കം ചെയ്തതോടെയാണ് വിവാഹമോചനമെന്ന അഭ്യൂഹം ബലപ്പെട്ടത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല. 2020 മേയിലാണ് ഇരുവരും വിവാഹിതരായത്. 2023 ഫെബ്രുവരിയില്‍ ക്രിസ്ത്യന്‍– ഹിന്ദു രീതികളില്‍ വീണ്ടും ചടങ്ങുകള്‍ നടത്തുകയും ചെയ്തു.

ENGLISH SUMMARY:

Actor and model Natasa Stankovic hinted at the ongoing rumours surrounding her marriage with Hardik Pandya.In her Instagram story, Natasa confirmed 'going through a certain situation'.