virat-gambhir

ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിലുള്ള ബന്ധം അത്ര രസമുള്ളതല്ല എന്നാണ് ക്രിക്കറ്റ് ലോകത്തെ വർത്തമാനം. ഐപിഎൽ മത്സരങ്ങൾക്കിടെ ഇരുതാരങ്ങളും തമ്മിൽ പലപ്പോഴും നേർക്കുനേർ വന്നിട്ടുമുണ്ട്. അതേസമയം തന്നെ ഗംഭീർ പരിശീലകനായി ഇന്ത്യൻ ടീമിലേക്ക് എത്തുന്നതിനെ ഇതുമായി പലരും കൂട്ടിവായിക്കുന്നു. പുറത്തുവരുന്ന വാർത്ത പ്രകാരം, ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീറിനെ പരിഗണിക്കുന്ന കാര്യം മുൻ ക്യാപ്റ്റനായ വിരാട് കോലിയോട് ചർച്ച ചെയ്തിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് ബിസിസിഐ വൃത്തങ്ങൾ ഇക്കാര്യം ഹാർദിക് പാണ്ഡ്യയുമായി സംസാരിക്കുകയും ചെയ്തു. 

ക്രിക്കറ്റ് ഉപദേശക സമിതി ഏകകണ്ഠേ‌ നെയാണ് ഗംഭീറിനെ നിർദ്ദേശിച്ചത്. ഡബ്ല്യൂ വി രാമനായിരുന്നു സമിതിക്ക് മുന്നിൽ അഭിമുഖത്തിനെത്തിയ മറ്റൊരു പരിശീലകൻ. ശേഷം ചൊവ്വാഴ്ച ബിസിസിഐ രാഹുലിൻറെ പിൻഗാമിയായി ഗംഭീറിനെ പ്രഖ്യാപിക്കുകയായിരുന്നു. വരാനിരിക്കുന്ന ഭാവി താരങ്ങളുടെ സാധ്യതകളാണ് ബിസിസിഐ പരിഗണിച്ചത്, അതിനാലാണ് ഇക്കാര്യം കോലിയുമായി ചർച്ച ചെയ്യാത്തതെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. അതേസമയം ഹാർദിക്കിനെ അറിയിക്കാൻ വ്യക്തമായ കാരണവുമുണ്ട്. 

ഗംഭീറിൻറെ പരിശീലക സ്ഥാനം ചർച്ച ചെയ്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് ഹർദിക് പാണ്ഡ്യ. ഇന്ത്യയുടെ അടുത്ത ടി20 നായകനാകാനുള്ള സാധ്യതയാണ് ഹർദിക്കിനെ പരിഗണിച്ചത്. ലോകകപ്പ് വിജയത്തോടെ ടി20യിൽ നിന്ന് രോഹിത് ശർമ വിരമിച്ചതോടെ നായകനാകാനുള്ള സാധ്യത ഹർദികിനാണ്. 2022 മുൽ 2023 അവസാനം വരെ ടി20 ടീമിനെ നായിച്ചത് ഹർദിക്കായിരുന്നു. ലോകകപ്പിന് മുന്നോടിയായാണ് രോഹിത് നായകസ്ഥാനം ഏറ്റെടുക്കുന്നത്. രോഹിതിന് കീഴിൽ വൈസ് ക്യാപ്റ്റനായിരുന്നു ഹർദിക്. 

42 കാരനായ ഗംഭീർ ഇന്ത്യയുടെ പ്രായം കുറഞ്ഞ പരിശീലകനാണ്. നിലവിലെ ടീമിലെ പല താരങ്ങൾക്കൊപ്പവും കളിച്ച പരിചയവും ഗംഭീറിനുണ്ട്. അഞ്ച് വർഷം മുൻപ് വിരമിക്കൽ പ്രഖ്യാപിച്ച ഗംഭീർ 2016 ൽ അവസാന ടെസ്റ്റ് കളിച്ചത് കോലിക്ക് കീഴിലാണ്. ശ്രീലങ്കൻ പര്യടനമാണ് ഗംഭീറിൻറെ ആദ്യ ചുമതല. മുഖ്യപരിശീലകനായി ഗംഭീർ എത്തുന്ന ശ്രീലങ്കൻ പര്യടനത്തിൽ രോഹിതും കോലിയും കളിക്കാനുള്ള സാധ്യതയും കുറവാണ്. താരങ്ങൾ സെലക്ടർമാരോട് വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ട്. 

കോലിയും ഗംഭീറും നേർക്കുനേർ വന്ന സംഭവങ്ങൾ  ഐപിഎൽ മൽസരങ്ങൾക്കിടെ നടന്നിട്ടുണ്ട്. 2023 ഐപിഎല്ലിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് ഇതിൽ അവസാനത്തേത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പർ ജെയ്ൻറ്സും തമ്മിലുള്ള മൽസര ശേഷമായിരുന്നു ഈ പോര്. അന്ന് ലക്നൗ ഫ്രാഞ്ചൈസിയുടെ മെൻററായിരുന്നു ഗംഭീർ. 

ENGLISH SUMMARY:

BCCI Not Discuss With Virat Kohli About Appointing Gautam Gambhir As Indian Cricket Team Coach. But Hardik Pandya Known This Matter Before official Announcement.