റാഫേല്‍ നദാലും ജോക്കോവിച്ചും നേര്‍ക്കുനേര്‍ വരുന്ന ആവേശ പോരാട്ടം പാരിസ് ഒളിംപിക്സിലും കാണാം. ഇരുവരും രണ്ടാം റൗണ്ടില്‍ തന്നെ ഏറ്റുമുട്ടാനുള്ള സാധ്യതകളാണ് തെളിയുന്നത്. 2008ല്‍ സ്വര്‍ണത്തില്‍ മുത്തമിട്ട നദാലിന്റെ അവസാന ഒളിംപിക്സായിരിക്കും പാരിസിലേത്. 2008ല്‍ ജോക്കോവിച്ച് ഒളിംപിക്സില്‍ വെങ്കലം നേടിയിരുന്നു. 

ലോക ഒന്നാം നമ്പര്‍ താരം ജാനിക് സിന്നര്‍ പിന്മാറിയതോടെ ടോപ് സീഡായാണ് ജോക്കോവിച്ച് പാരിസിലേക്ക് എത്തിയത്. മാത്യു എബ്ഡെന് ആയിരുന്നു ജോക്കോവിച്ചിന്റെ ആദ്യ റൗണ്ടിലെ എതിരാളി. ഹംഗറിയുടെ മാര്‍ടണ്‍ ആണ് നദാലിന്റെ ആദ്യ റൗണ്ടിലെ എതിരാളി. ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും ജയിച്ച് എത്തുന്ന അല്‍കാരസ് ലെബനന്റെ ഹബിബിനെയാണ് ആദ്യ റൗണ്ടില്‍ നേരിടുന്നത്. 

രണ്ട് വട്ടം ഒളിംപിക്സ് സ്വര്‍ണം നേടിയ ആന്‍ഡി മറെ ഡബിള്‍സില്‍ മാത്രമാണ് പാരിസില്‍ മത്സരിക്കുന്നത്. പരുക്കിനെ തുടര്‍ന്ന് മറെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡാന്‍ ഇവന്‍സിനൊപ്പമാണ് മറെ ഡബിള്‍സ് കളിക്കുന്നത്. ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന്റേയും അവസാന ഒളിംപിക്സായിരിക്കും പാരിസിലേത്. ഒളിംപിക്സോടെ വിരമിക്കും എന്ന് കെര്‍ബര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയ കെര്‍ബര്‍ 2016 റിയോ ഒളിംപിക്സില്‍ വെള്ളി നേടിയിരുന്നു. 

പാരിസ് ഒളിംപിക്സില്‍ ആദ്യ റൗണ്ടില്‍ തന്നെ വലിയ വെല്ലുവിളിയാണ് കെര്‍ബറെ കാത്തിരിക്കുന്നത്. ജപ്പാന്റെ നാല് വട്ടം ഗ്രാന്‍ഡ് സ്ലാം നേടിയ നവോമി ഒസാക്കയാണ് ആദ്യ റൗണ്ടിലെ കെര്‍ബറിന്റെ എതിരാളി. കോവിഡിനെ തുടര്‍ന്ന് ടോക്യോ ഒളിംപിക്സ് നഷ്ടമായ കോകോ ഗൗഫ് പാരിസില്‍ മുന്നേറാന്‍ എത്തുന്നുണ്ട്. ഓസ്ട്രേലിയയുടെ അജ്​ലയാണ് ആദ്യ റൗണ്ടിലെ എതിരാളി. 

ENGLISH SUMMARY:

Rafael Nadal and Djokovic will face each other in Paris Olympics. Both of them are likely to meet in the second round