പാരിസ് ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നഷ്ടമായതിനെ കുറിച്ച് പ്രതികരിച്ച് നീരജ് ചോപ്ര. പാക്കിസ്ഥാന്‍ താരം അര്‍ഷാദ് 90ന് മുകളില്‍ ദൂരം കണ്ടെത്തിയത് തന്നെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടതായാണ് നീരജ് വെളിപ്പെടുത്തുന്നത്. പാരിസ് ഒളിംപിക്സ് ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തില്‍ 92.97 മീറ്റര്‍ ദൂരമാണ് നദീം കണ്ടെത്തിയത്. 90 മീറ്ററിന് മുകളില്‍ കണ്ടെത്താന്‍ പാരിസിലും നീരജിന് സാധിക്കാതെ വന്നതോടെ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
'ആദ്യത്തെ ത്രോ അത്ലറ്റിന്റെ മാനസികാവസ്ഥയെ വലിയ അളവില്‍ ബാധിക്കും. എന്റെ ആദ്യത്തെ ത്രോ വളരെ നല്ലതായിരുന്നു. എന്നാല്‍ എന്നില്‍ നിന്ന് ഫൗള്‍ വന്നു. ട്രാക്ക് പുതിയതായതിനാല്‍ എനിക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഫൗള്‍ ആവുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ ഞാന്‍ പരാജയപ്പെട്ടു. കടുപ്പമേറിയ പോരാട്ടമായിരുന്നു', പാരിസില്‍ വെള്ളി നേടിയ നീരജ് ചോപ്ര പറയുന്നു.
'നദീമില്‍ നിന്ന് നല്ല ത്രോ വന്നു. അതിന് ശേഷം എനിക്ക് എന്നിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു'. ക്ഷോഭം എനിക്ക് നിയന്ത്രിക്കാനായില്ല. മികച്ച പ്രകടനം നടത്തണം എന്നായിരുന്നു എനിക്ക്. എന്നാല്‍ എവിടെയോ എനിക്ക് സാങ്കേതിക തലത്തില്‍ പോരായ്മ ഉണ്ടായി', നീരജ് പറയുന്നു.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ തുടരെ രണ്ട് ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം നീരജ് സ്വന്തമാക്കിയിരുന്നു. 90 മീറ്ററിന് മുകളില്‍ ദൂരം കണ്ടെത്താനാവാത്തതിന്റെ നിരാശയോടെയാണ് പാരിസില്‍ നിന്നും നീരജ് തിരിച്ചെത്തിയത്. 87നും 89നും ഇടയില്‍ കുടുങ്ങുന്നതിന്റെ നിരാശ നീരജ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.