പാരിസ് ഒളിംപിക്സ് മുന്നില്‍കണ്ട് ഇന്ത്യ ഏറ്റവുമധികം പണം ചെലവഴിച്ചത് അത്ലറ്റിക്സിനായി. നീരജ് ചോപ്രയുടെ സ്വര്‍ണമെഡല്‍ നേട്ടത്തോടെയാണ് അത്ലറ്റിക്സിലേക്ക് സര്‍ക്കാരിന്റെ പണമൊഴുകിയെത്തിയത്. ബാഡ്മിന്റനും ബോക്സിങ്ങുമാണ് സര്‍ക്കാര്‍ ഫണ്ടിങ്ങില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍
ടോക്കിയോയില്‍ നീരജ് ചോപ്ര നേടിയ ഒളിംപ്ക്സ് സ്വര്‍ണമെഡല്‍ ഇന്ത്യന്‍ അത്്ലറ്റിക്സിന്റെ തലവര തന്നെ മാറ്റിയെഴുതി. പാരിസിലെ ട്രാക്ക് ലക്ഷ്യമിട്ട് നാലുവര്‍ഷം മുമ്പ് മുന്നൊരുക്കം തുടങ്ങിയ ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിനായി, സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 96.8 കോടി രൂപ. ടോക്കിയോ ഒളിംപിക്സ് ഒരുക്കങ്ങള്‍ക്കായി അത്ലറ്റിക്സ് ഫെഡറേഷന്‍ നല്‍കിയത് വെറും 5.38 കോടി രൂപയായിരുന്നു.
നീരജിന്റെ ഒറ്റ മെഡല്‍ നേട്ടത്തോടെയാണ് സര്‍ക്കാര്‍ ഫണ്ടിങ്ങിലെ ഈ വന്‍ കുതിച്ചുചാട്ടം. വിദേശ പരിശീലനത്തിനും ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനും ഒക്കെയായാണ് പണം നല്‍കുന്നത്. പോളണ്ട് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പ്രത്യേക പരിശീനം നേടിയാണ് ഇന്ത്യന്‍ അത്ലറ്റിക്സ് ടീം പാരിസിലേയ്ക്ക് എത്തുന്നത്. എല്ലാ കായിക ഇനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ വലിയ കുതിപ്പുണ്ടായിട്ടുണ്ട് . ബാഡ്മിന്റനാണ് രണ്ടാം സ്ഥാനത്തുള്ളത്.
72 കോടി രൂപയാണ് ഒളിംപിക്സ് ഒരുക്കങ്ങള്‍ക്കായി ബാഡ്മിന്റന് അനുവദിച്ചത്. ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്ന ഇനങ്ങളായ ബോക്സിങ്ങിനും ഷൂട്ടിങ്ങിനും ലഭിച്ചത് 60.93 കോടി രൂപയും 60.42 കോടി രൂപയും. ഹോക്കിക്ക് 41.29 കോടി രൂപയും അമ്പെയ്ത്തിന് 37.80 കോടി രൂപയും വെയ്്റ്റ് ലിഫ്റ്റിങ്ങിനായി 26.98 കോടി രൂപയും സര്‍ക്കാര്‍ ധനസഹായം ലഭിച്ചു. ജൂഡോ, സ്വിമ്മിങ്, റോവിങ്, സെയിലിങ്, ഗോള്‍ഫ്, ടെന്നിസ്, അശ്വാഭ്യാസം എന്നീ ഇനങ്ങള്‍ക്കായും ഒളിംപിക്സിനൊരുങ്ങാന്‍ സര്‍ക്കാര്‍ ചെറുതല്ലാത്ത ധനസഹായം നല്‍കിയിട്ടുണ്ട്.