olympic-hope

TOPICS COVERED

നീരജ് ചോപ്രയും  പി.വി.സിന്ധുവും നിഖാത് സരീനും അന്തിം പങ്കലുമൊക്കെയാണ് ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷകള്‍.  ടോക്കിയോയില്‍ ഏഴ് മെഡലുകളിലൊതുങ്ങിയെങ്കില്‍ അതിനുമുയരെയാണ് ഇന്ത്യയുടെ പാരിസ് സ്വപ്നങ്ങള്‍.

ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യയുടെ ഏക ഗോള്‍ഡന്‍ മാന്‍ നീരജ് ചോപ്ര പാരിസില്‍ ഇന്ത്യയുടെ ഉറപ്പുള്ളൊരു സ്വര്‍ണമാണ്. ജാവലിനില്‍ 89.94 മീറ്റര്‍ മികവുള്ള ചോപ്രയ്ക്ക് പാക് താരം അര്‍ഷാദ് നദീമും ചെക് താരം ജേക്കബ് വാഡ്‍ലെജും കടുത്ത വെല്ലുവിളിയുയര്‍ത്തും. വനിതാ ബോക്സിങ് 50 കിലോഗ്രാം വിഭാഗത്തിലെ ലോക ചാംപ്യന്‍ നിഖാത് സരീനിലും സുവര്‍ണപ്രതീക്ഷയുണ്ട്. ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ ജേതാവ് മീരാബായ് ചാനു 49 കിലോഗ്രാം ഭാരദ്വഹനത്തില്‍ കളത്തിലിറങ്ങും. ചാനു പരുക്കില്‍ നിന്ന് മുക്തയായത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. വനിത ബോക്സിങ് 64–69 കിലോ വിഭാഗത്തില്‍ ടോക്കിയോയില്‍ നേടിയ വെങ്കലത്തിനപ്പുറമാണ് ഇത്തവണ ലവ്‍ലീന ബോര്‍ഗോഹെയ്നില്‍ നിന്നുള്ള പ്രതീക്ഷ. 

റിയോയില്‍ വെള്ളിയും ടോക്കിയോയില്‍ വെങ്കലവും നേടിയ പി.വി.സിന്ധു ബാഡ്മിന്‍റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ്. ഇടതുകാലിനേറ്റ പരുക്കിന് ശേഷം മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ലെന്നത് വെല്ലുവിളിയാണ്. ഹോക്കിയില്‍ നാല് ദശകത്തെ മെഡല്‍വരള്‍ച്ചയ്ക്ക് വിരാമമിട്ട് ടോക്കിയോയില്‍ നേടിയ വെങ്കലം ഇന്ത്യന്‍ ഹോക്കി ടീമിന് ഇത്തവണ കൂടുതല്‍ പ്രതീക്ഷയേകുന്നുണ്ട്. പി.ആര്‍.ശ്രീജേഷിന് സ്വര്‍ണത്തോടെ യാത്രയയപ്പ് നല്‍കണമെന്നാണ് ആഗ്രഹമെന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്‍റെ വാക്കുകളിലാണ് ആരാധകരുടെ പ്രതീക്ഷ. 

ടെന്നിസ് പുരുഷ ഡബിള്‍സില്‍ പരിചയസമ്പന്നതയുടെ പോരാളി രോഹന്‍ ബൊപ്പണ്ണയും ശ്രീരാം ബാലാജിയും കളത്തിലിറങ്ങുമ്പോള്‍ ലിയാണ്ടര്‍ പെയ്സിന് ശേഷം ടെന്നിസ് കോര്‍ട്ടില്‍ നിന്ന് ഇന്ത്യ ഒരു മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.  50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഏഷ്യന്‍ ഗെയിംസില്‍ ലോക റെക്കോര്‍ഡിട്ട സിഫ്റ്റ് കൗര്‍ സമ്രയും യും വനിതാ ഗുസ്തിയില്‍ 53 കിലോഗ്രാമില്‍ ലോകവെങ്കലമെഡല്‍ ജേതാവ് അന്തിം പങ്കലും, ബാഡ്മിന്‍റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക് സായ് രാജ്–ചിരാഗ് ഷെട്ടി കൂട്ടുകെട്ടുമെല്ലാം മികവിലേക്കുയര്‍ന്നാല്‍ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം രണ്ടക്കം കടക്കുമെന്നുറപ്പാണ്.

ടോക്കിയോയിലെ ഇന്ത്യയുടെ വെങ്കലപ്രതിഭ പി.വി.സിന്ധുവിലും ഇന്ത്യയ്ക്ക് പ്രതീക്ഷയേറെ. ഹോക്കിയില്‍ പി.ആര്‍.ശ്രീജേഷിന് സ്വര്‍ണത്തോടെ രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് വിടപറയാനാകുമെന്ന് ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ENGLISH SUMMARY:

India's Winning Hope In Paris Olympics