പാരിസ് നഗരത്തിലൂടെ ഒളിംപിക്സ് ദീപശിഖയുമായി ടെന്നിസ് താരം കെവിന്‍ പീയെറ്റി നടന്നുനീങ്ങുന്നത് ഒരു അദ്ഭുത കാഴ്ചയായിരുന്നു. ഏതന്‍സില്‍ നിന്ന് തുടങ്ങിയ ദീപശിഖ പ്രായണം കടല്‍ക്കടന്ന് പാരിസിലെത്തുവോളം കണ്ട കാഴ്ചകളില്‍ ഏറ്റവും മനോഹരം.
25ാം വയസില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് അരയ്ക്കുതാഴെ തളര്‍ന്നുപോയ ടെന്നിസ് താരം കെവിന്‍ പീയെറ്റി പാരിസിലെ തെരുവുകളിലൂടെ ഒളിംപിക്സ് ദീപശഖയുമായി നടന്നുനീങ്ങി. റോഡിനിരുവശവും നിന്ന നൂറുകണക്കിന് പേര്‍ പീയെറ്റിയുടെ ഓരോ ചുവടുകള്‍ക്കും കയ്യടിച്ചു.
എക്സോ സ്കെല്‍റ്റന്റെ സഹായത്തോടെയാണ് വീല്‍ചെയറില്‍ നിന്നെഴുന്നേറ്റ് പിയെറ്റി ദീപശിഖയേന്തിയത്. നടക്കാന്‍ സഹായിക്കുന്ന റോബോട്ടിനെ നിര്‍മിക്കുന്ന കമ്പനി ആദ്യമായി പരീക്ഷണം നടത്തിയതും പിയെറ്റിയിലായിരുന്നു. സാങ്കേതിക വിദ്യയുടെ വികാസത്തിന് കരുത്തായ താരം തന്നെ അതെ റോബോട്ടിനെ അണിഞ്ഞ് ഒളിംപിക് ദീപശിഖയേന്തിയതും കൗതുകമായി