malayalees

TOPICS COVERED

ഒരു കാലത്ത് ഒളിംപിക്സ് ടീമിലെ അത്‍ലറ്റിക് വിഭാഗത്തിലെ നിറസാന്നിധ്യമായിരുന്ന കേരളത്തിന് ഇതെന്തുപറ്റി? പാരിസില്‍ ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങുന്നത് വെറും അഞ്ച് മലയാളികള്‍ മാത്രമാണ്. ഇന്ത്യന്‍ സംഘത്തില്‍ ആകെയുള്ളത് ഏഴ് മലയാളികള്‍. ടോക്കിയോയിലേതുപോലെ പേരിനൊരു മലയാളി പെണ്‍തരി പോലുമില്ലെന്നതും നിരാശയാണ്. 

 

ടീം ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ വേര്‍തിരിവുകളില്ല. പക്ഷേ, കേരളത്തിന്‍റെ കായികസംസ്കാരം എവിടെയെത്തിയെന്നതിന്‍റെ നേര്‍സാക്ഷ്യമാവുകയാണ് പാരിസ് ഒളിംപിക്സിലെ മലയാളി താരങ്ങളുടെ എണ്ണം. 18പുരുഷന്‍മാരും 11 വനിതകളുമടങ്ങുന്ന ഇന്ത്യന്‍ അത്‍ലറ്റിക് വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ഇടംനേടിയത് 5 പേര്‍ മാത്രം. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യന്‍ എന്നിവര്‍ 4 ഗുണം 400 മീറ്റര്‍ റിലേ ടീമില്‍, പുരുഷവിഭാഗം ഹൈജംപില്‍ അബ്ദുല്ല അബൂബക്കര്‍ എന്നിവര്‍. പിന്നീടുള്ളത് ബാഡ്മിന്റണില്‍ എച്ച്.എസ്.പ്രണോയിയും ഹോക്കിയില്‍ പി.ആര്‍.ശ്രീജേഷും. അങ്ങനെ 117 അംഗസംഘത്തില്‍ ആകെ മലയാളികള്‍ ഏഴുപേര്‍ മാത്രം. പിടി ഉഷയും അഞ്ജു ബോബി ജോര്‍ജുമൊക്കെയടങ്ങുന്ന മലയാളി വനിതകള്‍ ഇന്ത്യയുടെ അഭിമാനമായി ഒളിംപിക്സില്‍ വിലസിയിരുന്നുവെന്ന ഓര്‍മകള്‍ മാത്രമാണ് ഇനി നമുക്ക് സ്വന്തം. ഒരു മലയാളി പെണ്‍തരി പോലും 117 അംഗസംഘത്തിലിടം നേടിയിട്ടില്ല. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്ന് ആകെ 13പേര്‍ ഇടംനേടിയപ്പോള്‍ കര്‍ണാടകയില്‍ നിന്ന് അഞ്ചും ഹരിയാനയില്‍ നിന്ന് ഇരുപത്തിനാലും പഞ്ചാബില്‍ നിന്ന് 19പേരും പാരിസില്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ അണിനിരക്കും.

What about Kerala which was a prominent presence in the athletics section of the Olympic team: