പാരിസില്‍ വിശ്വാകായികമേളയ്ക്ക് തിരിതെളിഞ്ഞു. ലോകത്തെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഫ്രാന്‍സില്‍ ഉദ്ഘാടന ചടങ്ങ് അരങ്ങേറിയത്. ജൂഡോ താരം ടെഡി റീനറും സ്പ്രിന്റര്‍ മറി ജോസെ പിറെക്കും ചേര്‍ന്ന് തിരിതെളിച്ചു. നദിയ കൊമനേച്ചി മുതല്‍ ഗായിക സെലിന്‍ ഡിയോണ്‍ വരെയുള്ള ഇതിഹാസങ്ങളെ അണിനിരത്തിയാണ് ഫ്രാന്‍സ് സമാനതകളില്ലാത്ത കാത്തിരിപ്പിന് അവസാനമിട്ടത്
മാർച്ച്പാസ്റ്റിൽ സെന്‍ നദിയിലൂടെ ഇന്ത്യന്‍ പതാകവഹിച്ച് പി.വി.സിന്ധുവും ശരത് കമലും ടീമിനെ നയിച്ചു. 12 ഇനങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടനചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട മാര്‍ച്ച്പാസ്റ്റ് രണ്ടരമണിക്കൂറോളം നീണ്ടുനിന്നു. 84ാമതായിരുന്നു ഇന്ത്യയുടെ വരവ്. ഇന്ത്യയ്ക്കൊപ്പം നൗകയില്‍ ഇന്തൊനേഷ്യയും ഇറാനുമായിരുന്നു ഉണ്ടായിരുന്നത്.
ഒളിംപിക്സിന്റെ ജന്‍മനാടായ ഗ്രീസാണ് ആദ്യമെത്തിയത്. ഗ്രീക്ക് പതാകവഹിക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരനായി ബാസ്ക്കറ്റ് ബോള്‍ താരം ജിയാനില്‍ അന്റൊന്‍റൊകുന്‍പോ. രണ്ടാമതായി അണിനിരന്ന അഭയാര്‍ഥി ടീമിനെ നയിച്ചത് ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപില്‍ നിന്ന് തയ്്ക്വോണ്ടോ പഠിച്ച് ഒളിംപിക്സോളം എത്തിയ 19 കാരന്‍ സിറിയന്‍ അഭയാര്‍ഥി യഹ്യ അല്‍ ഘോട്ടനിയാണ്. നീരജ് ചോപ്രയുടെ എതിരാളി അര്‍ഷാദ് നദീമാണ് പാക്കിസ്ഥാന്‍ പതാകവഹിച്ചത്. കൂറ്റന്‍ ബോട്ടിന്റെ ഇരുനിലയും നിറഞ്ഞ് ആതിഥേയര്‍ക്ക് തൊട്ടുമുന്‍പിലായിരുന്നു അമേരിക്കയുടെ സ്ഥാനം. ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം ലിബ്രോണ്‍ െജയിംസും ടെന്നിസ് താരം കൊക്കോ ഗോഫും അമേരിക്കന്‍ പതാകയേന്തി. ഒടുവിലായിരുന്നു ഹര്‍ഷാരവങ്ങളുടെ അകമ്പടിയില്‍ ഫ്രാന്‍സിന്റെ എൻട്രി.