ഒളിംപിക്സ് സ്വര്‍ണം.. എണ്ണം പറഞ്ഞ കിരീടങ്ങളെല്ലാം സ്വന്തം പേരില്‍ കുറിച്ചപ്പോഴും ആ ആഗ്രഹം ജോക്കോവിച്ച് രഹസ്യമാക്കി വച്ചില്ല. ഈ നിമിഷം, അതിന് വേണ്ടിയാണ് ജോക്കോ കാത്തിരുന്നത്. അതുകൊണ്ട് തന്നെ ഒരു സെറ്റ് പോലും വിട്ടുകൊടുക്കാന്‍ ജോക്കോ തയ്യാറായിരുന്നില്ല. ഇപ്പോഴില്ലെങ്കില്‍ ഇനിയൊരിക്കലും അത് സാധിക്കില്ലെന്ന് ജോക്കോവിച്ചിനോളം തിരിച്ചറിവ് മറ്റാര്‍ക്കും ഇല്ലായിരുന്നു. പകരം വയ്ക്കാനില്ലാത്ത പോരാട്ടമാണ് അല്‍കാരസിനെതിരെ സെര്‍ബ് താരം പുറത്തെടുത്തത്. ജോക്കോവിച്ചിന്‍റെ നിശ്ചയദാര്‍ഡ്യം മുഴുവന്‍ കണ്ട കളി. ഇപ്പോഴിതാ അതും ജോക്കോയ്ക്ക് സ്വന്തം. ടെന്നിസില്‍ സ്വപ്നം കാണാന്‍ കഴിയുന്നതെല്ലാം സ്വന്തമാക്കിയാണ് ഈ മടക്കം. ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ ജോക്കോയുടെ കുടുംബവും എത്തിയിരുന്നു. 'ഡാഡ് ഈസ് ദ് ബെസ്റ്റ്' എന്നെഴുതിയ ബാനറുമായാണ് മകള്‍ താര ഗാലറിയില്‍ എത്തിയത്.
ഗെയിം പോയിന്‍റുകള്‍ക്കായി ഇരുവരും നന്നായി വിയര്‍ത്തു. ഒരു മണിക്കൂര്‍ 32 മിനിറ്റിലായിരുന്നു ആദ്യ സെറ്റ് ജോക്കോ നേടിയത്. ആദ്യ ടൈബ്രേക്ക് അല്‍കാരസിന്. പക്ഷേ ഇന്ന് അല്‍കാരസിന്‍റെ ദിവസമായിരുന്നില്ല. നിരവധി പിഴവുകള്‍ ചാംപ്യന്‍ വരുത്തി. അവസരങ്ങള്‍ മുതലാക്കാനുമായില്ല. കളിയുടെ നിയന്ത്രണം തിരിച്ചുപിടിച്ച ജോക്കോ വിംബിള്‍ഡണിലെ തോല്‍വിക്ക് പകരം വീട്ടി. ആകാശത്തേക്ക് നോക്കി അലറി വിളിച്ച ജോക്കോ, അല്‍കാരസിനെ ആശ്ലേഷിച്ചു. ശേഷം കളിമണ്‍ മൈതാനത്തില്‍ മുട്ടുകുത്തി പൊട്ടിക്കരഞ്ഞു. സെര്‍ബ് പതാകയുമായി ആഹ്ലാദം പ്രകടിപ്പിച്ച് കുടുംബത്തിനരികിലേക്ക്. നിറകണ്ണുകളോടെയാണ് അല്‍കാരസും കളംവിട്ടത്. വേദനയോടെയാണ് താന്‍ മടങ്ങുന്നതെന്നായിരുന്നു അല്‍കാരസിന്‍റെ പ്രതികരണം.
'അങ്ങേയറ്റം വികാരഭരിതനാണ് ഞാന്‍. ആഹ്ലാദം, അഭിമാനം, രാജ്യത്തിനായി ഒളിംപിക്സ് സ്വര്‍ണം നേടിയ സന്തോഷം.. അങ്ങനെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത നൂറായിരം വികാരങ്ങളാണ് ഉള്ളില്‍. ഇന്ന് വരെ ഞാന്‍ നേടിയതിലേറ്റവും വലിയ സന്തോഷം. 37–ാം വയസിലെ ഒളിംപിക്സ് മെഡല്‍ നേട്ടം നല്‍കുന്ന സന്തോഷം ചെറുതല്ല. ഞാന്‍ ആഘോഷം തുടങ്ങിയിട്ടേയുള്ളൂ. ഞാനേറ്റവുമധികം പൊരുതിയിട്ടുള്ളത് എന്നോട് തന്നെയാണ്. അത്രയധികം ആത്മവിമര്‍ശനം ഓരോ കളിയിലും ഞാന്‍ നടത്തിയിരുന്നു'– ജോക്കോവിച്ച് കൂട്ടിച്ചേര്‍ത്തു.
2008 ബെയ്ജിങ് ഒളിംപിക്സില്‍ ജോക്കോ വെങ്കലമെഡല്‍ നേടിയിരുന്നു. നാല് ഗ്രാന്്ഡ്സ്ലാം കിരീടങ്ങളും ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കിയതോടെ റാഫയ്ക്കും സെറീന വില്യംസിനും ആന്ദ്ര അഗാസിക്കും സ്റ്റെഫി ഗ്രാഫിനുമൊപ്പം ജോക്കോയും ഇടംപിടിച്ചു.