പാരിസ് ഒളിംപിക്സ് ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ജോക്കോവിച്ചിന് ജയം. കാര്‍ലോസ് അല്‍കാരസിനെ 7–6,7–6 സെറ്റുകള്‍ക്കാണ് ജോക്കോ പരാജയപ്പെടുത്തിയത്. ജോക്കോവിച്ചിന്‍റെ കന്നി ഒളിംപിക്സ് മെഡലാണിത്. ജയത്തോടെ ഒളിംപിക്സ് സ്വര്‍ണം നേടുന്ന ഏറ്റവും പ്രായമേറിയ പുരുഷതാരമായും ജോക്കോ മാറി.
24 ഗ്രാന്ഡ്സ്ലാമുകള് നേടിയ ജോക്കോയ്ക്ക് ഒളിംപിക്സ് സ്വര്‍ണത്തിനായി അഞ്ചാം ഒളിംപിക്സ് വരെ കാത്തിരിക്കേണ്ടി വന്നു. ഫ്രഞ്ച്–വിംബിള്‍ഡണ്‍ ചാംപ്യനായ അല്‍കാരസിനെതിരെ ഏറ്റവും മികച്ച പ്രകടനമാണ് സെര്‍ബ് താരം പുറത്തെടുത്തത്. ജയത്തോടെ ഗോള്‍ഡന്‍ സ്ലാം നേടിയവരുടെ പട്ടികയിലും ജോക്കോ അഞ്ചാമനായി ഇടംപിടിച്ചു. റാഫേല്‍ നദാല്‍, സെറീന വില്യംസ്, ആന്ദ്ര അഗാസി, സ്റ്റെഫി ഗ്രാഫ് എന്നിവരാണ് ഗോള്‍ഡന്‍ സ്ലാമിലുള്ളത്. നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഒളിംപിക്സ് സ്വര്‍ണവും നേടുന്നതിനെയാണ് ഗോള്‍ഡന്‍ സ്ലാമെന്ന് പറയുന്നത്.
രണ്ട് മാസം മുന്‍പ് കണ്ണീരോടെയാണ് ജോക്കോ റൊളാങ് ഗാരോസ് വിട്ടത്. ഒളിംപിക്സില്‍ മല്‍സരിക്കാനാകുമോ എന്ന് വരെ അന്ന് ആരാധകര്‍ ഭയന്നു. വിജയിച്ചതിന് പിന്നാലെ അല്‍കാരസിനെ ആശ്ലേഷിച്ച ശേഷം കളിമണ്‍ കോര്‍ട്ടില്‍ മുട്ടുകുത്തി നിന്ന് പൊട്ടിക്കരഞ്ഞു.