പാരിസ് ഒളിംപിക്സ് ജിംനാസ്റ്റിക്സിലെ അണ്‍ഇവന്‍ ബാര്‍സ് വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവ് കയ്‌ലിയ നെമൂര്‍ ഇന്നലെ കളം വിട്ടത് ഒരു മധുര പ്രതികാരത്തിന്റെ പുഞ്ചിരിയോടെ. പലരും പിടിച്ചുനില്‍ക്കാന്‍ പണിപ്പെടുന്ന ജിംനാസ്റ്റിക്സില്‍ മെയ്‌വഴക്കത്തോടെ അസാധ്യ പ്രകടനമാണ് കയ്‌ലിയ കാഴ്ചവച്ചത്. അള്‍ജീരിയയ്ക്കായി മല്‍സരിച്ചപ്പോള്‍ കയ്്ലിയയുടെ വിജയത്തിനായി ഫ്രഞ്ചുകാരും പ്രാര്‍ഥിച്ചിട്ടുണ്ടാകണം. രണ്ട് രാജ്യത്തിന്റെ പ്രതീക്ഷകള്‍ ചുമലിലേറ്റിയാണ് കയ്‌ലിയ മല്‍സരിച്ചത്.
കാരണം വേറൊന്നുമല്ല. കയ്‌ലിയ ഫ്രഞ്ചുകാരിയാണ്. കഴിഞ്ഞ വര്‍ഷം വരെ ഫ്രാന്‍സിന്റെ താരമായിരുന്നു. ഫ്രാന്‍സില്‍ ജനിച്ചു വളര്‍ന്ന കയ്‌ലിയയുടെ അച്ഛന്‍ അള്‍ജീരിയക്കാരനും അമ്മ ഫ്രഞ്ചുകാരിയുമാണ്. ജിംനാസ്റ്റിക് പരിശീലനമെല്ലാം വീടിന് തൊട്ടടുത്തുള്ള ടൗണായ സെന്റ് ബെനോ ലാഫോറസ്റ്റിലും. പക്ഷെ കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ജിംനാസ്റ്റിക്സുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് കയ്‌ലിയ അള്‍ജീരിയയ്ക്കായി മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉറച്ച മെഡല്‍ സാധ്യത കല്‍പ്പിച്ചിരുന്ന താരത്തെ കൈവിട്ടത് ഫ്രാന്‍സിന് തിരിച്ചടിയായിരുന്നു. കയ്‌ലിയയുടെ സ്വര്‍ണ മെഡല്‍ അത് തെളിയിച്ചു. കടുത്ത മല്‍സരം നടന്ന വിഭാഗത്തില്‍ ഫലം വന്നപ്പോള്‍ കണ്ണീരോടെയാണ് കയ്‌ലിയ സന്തോഷത്തെ സ്വീകരിച്ചത്.അള്‍ജീരിയന്‍ പതാക പുതച്ച് വിജയാഘോഷം നടത്തിയ താരത്തെ ആശംസിക്കാന്‍ പാരിസിലെ കാണികള്‍ മറന്നില്ല.
അള്‍ജീരിയയ്ക്കായുള്ള ചരിത്ര വിജയമായിരുന്നു കയ്‌ലിയയുടേത്. ഒളിംപിക്സില്‍ ആദ്യമായാണ് അള്‍ജീരിയയ്ക്കായി വനിതാ താരം സ്വര്‍ണ മെഡല്‍ നേടുന്നത്. അണ്‍ഇവന്‍ ബാറില്‍ മെഡല്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ ജിംനാസ്റ്റെന്ന ലേബലും കയ്‌ലിയയ്ക്ക് സ്വന്തം. ഫൈനല്‍സില്‍ 15.700 പോയിന്റോടെയാണ് കയ്‌ലിയ ഗോള്‍ഡടിച്ചത്.
പതിനാലാം വയസില്‍ വിരലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പരിശീലനത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് കയ്‌ലിയയും ഫ്രാന്‍സ് ജിംനാസ്റ്റിക് ഫെഡറേഷനുമായുള്ള ബന്ധം വഷളായത്. ലോക്കല്‍ ക്ലബുകള്‍ക്കായുള്ള മല്‍സരങ്ങള്‍ നിര്‍ത്തി പാരിസിലേക്ക് വരാന്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടപ്പോള്‍ കയ്‌ലിയ നിഷേധിച്ചു. തുടര്‍ന്ന്അള്‍ജീരിയയ്ക്കായി മല്‍സരിക്കാന്‍ ഒരുങ്ങി. എന്നാല്‍ അതിലും തടസ്സങ്ങളുണ്ടായിരുന്നു. രാജ്യം മാറാനുളള അപേക്ഷ നല്‍കിയാലും നിയമപ്രകാരം ഒരു വര്‍ഷം വരെ ഫ്രാന്‍സിന് കയ്‌ലിയയെ പിടിച്ചുനിര്‍ത്താം. അങ്ങനെയെങ്കില്‍ ഈ ഒളിംപിക്സില്‍ അള്‍ജീരിയക്കായി മല്‍സരിക്കാന്‍ കയ്‌ലിയക്ക് ആകുമായിരുന്നില്ല. എന്നാല്‍ കയ്‌ലിയയുടെ ആവശ്യം ജനശ്രദ്ധ നേടിയത് ഫ്രഞ്ച് ഭരണകൂടത്തെ സമ്മര്‍ദത്തിലാക്കി. തുടര്‍ന്ന് ഫ്രഞ്ച് കായികമന്ത്രി നേരിട്ടിടപെട്ടാണ് കയ്‌ലിയയെ നിയമവ്യവസ്ഥയില്‍ നിന്ന് മുക്തയാക്കിയത്. അള്‍ജീരിയക്കാരിയായി 10 ദിനങ്ങള്‍ക്കിപ്പുറം ആഫ്രിക്കന്‍ ജിംനാസ്റ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഈ പതിനേഴുകാരി ഓള്‍ റൗണ്ട് ഗോള്‍ഡ് സ്വന്തമാക്കി. ഒരുവര്‍ഷത്തിനിപ്പുറം ഒളിംപിക് ചാംപ്യനുമായി.