novak-poison

ഓസ്ട്രേലിയന്‍ ഓപ്പണിനു മുന്‍പായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ടെന്നിസ് താരം നോവാക് ജോക്കോവിച്ച്.  2022ല്‍ മെല്‍ബണില്‍വച്ച് തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് താരത്തിന്റെ വിവാദ വെളിപ്പെടുത്തല്‍.  കോവിഡ് കാലത്ത് വിഷമുള്ള ഭക്ഷണം നല്‍കിയായിരുന്നു കൊലപ്പെടുത്താന്‍ നോക്കിയതെന്നും താരം പറയുന്നു.  

അന്ന് കൊവിഡ് വാക്സീന്‍ എടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിച്ചിന്റെ വീസ ആദ്യം മെല്‍ബണ്‍ കോടതി റദ്ദാക്കിയിരുന്നു.   കൊവിഡ് വാക്സീനെടുക്കാത്തതിന്റെ പേരില്‍ ജോക്കോവിച്ചിന് വീസ നിഷേധിക്കുകയും കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ നാലു ദിവസം പാര്‍പ്പിക്കുകയും ചെയ്ത സംഭവങ്ങളും അന്ന് വാര്‍ത്തയായിരുന്നു. ആ സംഭവങ്ങള്‍ക്കിടെയാണ് തനിക്ക് വിഷം ചേര്‍ത്ത ഭക്ഷണം നല്‍കിയതെന്നും ജോക്കോവിച്ച് പറയുന്നു. അന്ന് കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. മെല്‍ബണിലെ ഹോട്ടല്‍മുറിയില്‍ താമസിക്കവെ തനിക്ക് ലഭിച്ചത് വിഷം ചേര്‍ത്ത ഭക്ഷണമാണെന്ന് തിരിച്ചറിഞ്ഞെന്നും താരം വെളിപ്പെടുത്തുന്നു. കോവിഡ് വാക്സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ പിന്നീട് ഓസ്ട്രേലിയ ജോക്കോയെ നാടുകടത്തിയിരുന്നു. 

ജിക്യു മാഗസിനുമായുള്ള അഭിമുഖത്തിലാണ് ജോക്കോവിച്ചിന്റെ വെളിപ്പെടുത്തല്‍. ആ സംഭവത്തിനു ശേഷം സെര്‍ബിയയില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ കൂടിയ അളവില്‍ ലെഡിന്റയും മെര്‍ക്കുറിയുടെയും അംശം  കണ്ടെത്തിയെന്നും ജോക്കോ . ഭക്ഷണത്തിലൂടെയല്ലാതെ തന്റെ ശരീരത്തില്‍ അത്രയും അളവില്‍ മെറ്റല്‍സ് എത്താനുള്ള സാധ്യതയില്ലെന്നും താരം പറയുന്നു. താന്‍ ഇക്കാര്യം വളരെ രഹസ്യമായി വയ്ക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ ജനതയോട് തനിക്ക് എതിര്‍പ്പോ വിദ്വേഷമോ ഇല്ലെന്നും അടുത്ത വര്‍ഷം മെല്‍ബണില്‍ തിരിച്ചെത്തി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുകയും ചെയ്തെന്നും താരം ആത്മവിശ്വാസത്തോടെ പറയുന്നു. 

ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അന്ന് തന്നോട് കാണിച്ച നീതികേടിന് പിന്നീട് പല രാജ്യങ്ങളില്‍വച്ചും  ഓസ്ട്രേലിയന്‍  പൗരന്‍മാര്‍ തന്നോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു ജോക്കോ. പിന്നീടാ രാജ്യം തന്റെ വീസ പുനസ്ഥാപിച്ചുതന്നെന്നും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ജോക്കോവിച്ചിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ ഓസ്ട്രേലിയ തയ്യാറായിട്ടില്ല. 

അതേസമയം  പതിനൊന്നാം ഓസ്ട്രേലിയന്‍ ഓപ്പണും അതുവഴി 25ാം ഗ്ലാന്‍ഡ് സ്ലാം കിരീടവും നേടാനായുള്ള ശ്രമത്തിലാണ് പ്രശസ്ത ടെന്നിസ് താരം ജോക്കോവിച്ച്. ഞായറാഴ്ച മുതലാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍. നൊവാക് ജോക്കോവിച്ചിന് മുന്നിലേക്കാണ് ആദ്യ ഗ്രാന്റ്സ്ലാം മത്സരത്തിനായി ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കൗമാരതാരം നിശേഷ് ബസവറെ‍ഡ്ഡി എത്തുന്നത്. കഴിഞ്ഞ വര്‍ഷം പ്രഫഷണല്‍ താരമായ നിശേഷ്, ലോകറാങ്കില്‍ 113–ാം സ്ഥാനത്താണ്. യുഎസ് ഓപ്പണ്‍ യോഗ്യതാടൂര്‍ണമെന്റില്‍ മല്‍സരിച്ചെങ്കിലും മൂന്നാം റൗണ്ടില്‍ പുറത്തായി. പിന്നീട് കളിച്ച 34 ചലഞ്ചര്‍ മല്‍സരങ്ങളില്‍ 28ലും വിജയിച്ചതോടെയാണ് ഓസ്ട്രേലിയന്‍ ഓപ്പണ് വൈല്‍ഡ് കാര്‍ഡിലൂടെ അവസരം ലഭിച്ചത്.

 ഒരു ഗ്രാന്‍സ്ലാം കിരീടവും ഇല്ലാതെയാണ് ജോക്കോവിച്ച് 2024 അവസാനിപ്പിച്ചത്. ഇക്കുറി ആന്‍ഡി മറെയാണ് ജോക്കോവിച്ചിന്റെ പരിശീലകന്‍. അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ലെങ്കില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോക്കോവിച്ചിന് കാര്‍ലോസ് അല്‍ക്കരാസ് എതിരാളിയാകും. 21കാരന്‍ അല്‍ക്കരാസിന് ഇതുവരെ നേടാനാകാത്ത ഏക ഗ്രാന്‍സ്ലാമാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍. മെല്‍ബണില്‍ കിരീടം നേടിയാല്‍ നദാലിനെ മറികടന്ന് കരിയര്‍ ഗ്രാന്‍സ്ലാം നേടുന്ന പ്രായംകുറഞ്ഞ പുരുഷതാരമാകാം അല്‍ക്കരാസിന്. 

Novak Djokovic claims that he was poisoned in 2022 at Melbourne:

Novak Djokovic claims that he was poisoned in 2022 at Melbourne. Djokovic aims to secure his 11th Australian Open title and set a new record with his 25th Grand Slam trophy.