പാരിസില്‍ നിന്ന് സാങ്കല്‍പിക ഭൂഖണ്ഡമായ വെസ്റ്റ്റോസിലേക്കും ഒരു ഒളിംപിക്സ് സ്വര്‍ണമെഡല്‍ എത്തിയിരിക്കുന്നു. ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലെ, വിവാഹത്തിനിടയിലെ കൂട്ടക്കൊലപാതകം നടക്കുന്ന റെഡ് വെഡിങ് എപ്പിസോഡില്‍ വേഷമിട്ട അയര്‍ലന്റുകാരന്‍ ഡാനിയല്‍ വിഫെനാണ് പാരിസ് ഒളിംപിക്സില്‍ സ്വര്‍ണവുമായി നീന്തിക്കയറിയത്.
നീന്തലില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ അയര്‍ലന്റുകാരന്‍ എന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ഡാനിയല്‍ വിഫെന്‍. എണ്ണൂറ് മീറ്റര്‍ ഫ്രീസ്റ്റൈലിലായിരുന്നു വിഫന്റെ മെഡല്‍ നേട്ടം. 1500 മീറ്ററില്‍ വെങ്കലമെഡല്‍ കൂടി നേടിയതോടെ രണ്ടുമെഡലുകളുമായാണ് ഡാനിയല്‍ വിഫെന്‍ പാരിസില്‍ നിന്ന് മടങ്ങിയത്. അഭിനയത്തില്‍ ഒരു കൈ പരീക്ഷിച്ച ശേഷമാണ് ഡാനിയല്‍ നീന്തലിലേയ്ക്ക് തിരിഞ്ഞത്. എച്ച് .ബി.ഒ.പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സില്‍ ഡാനിയല്‍ വിഫനും ഇരട്ടസഹോദരന്‍ നേഥനും സഹോദരി എലിസബത്തും അഭിനയിച്ചിട്ടുണ്ട്. ഹൗസ് ഫ്രേ അംഗങ്ങളായാണ് കുഞ്ഞ് ഡാനിയല്‍ വിഫെനും സഹോദരങ്ങളും അഭിനയിച്ചത്. നെറ്റ്ഫ്ലിക്സിലെ ദ് ഫ്രാങ്കിന്‍സ്റ്റീന്‍ ക്രോണിക്കിളിലും ഡാനിയല്‍ വിഫെന്‍ വേഷമിട്ടു.
800 മീറ്ററില്‍ ടോക്കിയോ ഒളിംപിക്സിലെ ചാംപ്യനായിരുന്ന അമേരിക്കയുടെ ബോബി ഫിങ്കിനെ പിന്നിലാക്കിയാണ് 22കാരന്‍ ഡാനിയല്‍ വിഫെന്‍റെ സ്വര്‍ണനേട്ടം. ആദ്യമായാണ് അയര്‍ലന്‍റിന്റെ ഒരു പുരുഷതാരം ഒളിംപിക്സ് നീന്തലില്‍ സ്വര്‍ണമെഡല്‍ നേടുന്നത്.