നീതിക്കായി ജന്ദര്‍ മന്തര്‍ തെരുവില്‍ പോരാട്ടം, പിന്നീട് പരുക്കിന്റെ പിടിയില്‍, അവിടെ നിന്ന് ഒളിംപിക്സ് ഗോദയിലേക്ക്........ പിന്നെ പാരിസിലെ റിങ്ങില്‍ കണ്ടത് വിനേഷ് ഫോഗട്ടെന്ന ഇരുപത്തിയൊന്‍പതുകാരിയുടെ താണ്ഡവം. എതിരാളി ആരുമാകട്ടെ വിജയം ഞാന്‍ പിടിച്ചുവാങ്ങുമെന്ന ലക്ഷ്യ ബോധം , വിട്ടുകൊടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യം , ദുരിതത്തിന്റെയും യാതനയുടെയും അനുഭവത്തിന്റെ തീക്കനല്‍ മനസിലുള്ളപ്പോള്‍ എതിരാളിയുടെ ഇറുക്കിപ്പിടിക്കലുകള്‍ പൊട്ടിച്ചെറിഞ്ഞുള്ള പ്രത്യാക്രമണത്തിന് വിനേഷിന് അധികം സമയം വേണ്ടിവന്നിരുന്നില്ല. ഗുസ്തിയുടെ ടോപ് സീഡില്‍ പോലുമില്ലാത്ത, ലോക ചാംപ്യനുമല്ലാത്ത ഈ ഹരിയാനക്കാരിക്ക് ഒളിംപിക് സ്വര്‍ണത്തിനും വെള്ളിക്കും നടുവില്‍ നഷ്ടമായത് ഒരായുസിന്റെ അഭിലാഷം.

കൈവെള്ളയില്‍ നിന്ന് വഴുതിപ്പോയ കലാശപ്പോര്. വിനേഷ് ഫോഗട്ടില്ലാത്ത ഗുസ്തി ഫ്രീസ്റ്റൈല്‍ 50 കിലോ ഫൈനല്‍ ഇന്ന് രാത്രി 11.23 ന് പാരിസില്‍ നടക്കും. ഇന്ത്യയ്ക്ക് വിധിക്കാത്ത ആ മെഡലിനായി പോരാടുന്നവര്‍  ആരൊക്കെ ?

ഇന്ന് ഉച്ചവരെ വിനേഷ് ഫോഗട്ടിന്റെ എതിരാളിയായി കണക്കാക്കപ്പെട്ട താരം.  അമേരിക്കക്കാരി സാറാ ഹില്‍ഡ്ബ്രാന്‍ഡ്ട്. ഗുസ്തിക്കാരായ സഹോദരന്മാരുടെ അനിയത്തി.  30 വയസിനിടെ രാജ്യാന്തര തലത്തില്‍ സാറാ നേടിയത് ഒളിംപിക്സ് അടക്കം അഞ്ച് മെഡലുകള്‍. ഏഴ് പാന്‍ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പുകള്‍. 2013 ല്‍ ഗുസ്തി 55 കിലോ വിഭാഗത്തിലാണ് സാറായുടെ തുടക്കം. അതേവര്‍ഷം പാന്‍ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ ആദ്യ സ്വര്‍ണം നേടി. രണ്ടാം സ്വര്‍ണം 2015 ല്‍. പിന്നെ ഇടമുറിയാതെ 2018 മുതല്‍   2023 വരെ പാന്‍ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവേട്ട. ഇതിനിടെ നാല് ലോക ചാംപ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടി. 2018 ലും 2020 ലും വെള്ളി നേടിയ സാറാ 2022ലും 2023ലും വെങ്കലം കൈയ്യിലാക്കി. ഒളിംപിക്സ് ഗുസ്തിയില്‍ സാറയുടെ പേരിന്  പ്രൗഢികൂട്ടി ടോക്കിയോയിലെ വെങ്കലവും. ആദ്യകാലങ്ങളില്‍ 55 കിലോ വിഭാഗത്തില്‍ മല്‍സരിച്ച സാറാ പതിനൊന്നുവര്‍ഷത്തിന് ശേഷം 53 കിലോയിലേക്ക് മാറി. നിലവില്‍ 50 കിലോ വിഭാഗത്തിലാണ് മല്‍സരിക്കുന്നത്.  പാരിസില്‍ ഗുസ്തിയിലെ ആദ്യ മല്‍സരത്തില്‍ അള്‍ജീരിയന്‍ താരത്തെ 10–0 ന് ഏകപക്ഷീയമായി തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ നിലവിലെ ലോകചാംപ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ ചൈനീസ് താരത്തെ വരിഞ്ഞുമുറുക്കി സെമിയില്‍ കയറി.

ഫൈനലില്‍ സാറയുടെ എതിരാളി സെമിയില്‍ വിനേഷ് ആധികാരികമായി പരാജയപ്പെടുത്തിയ ക്യൂബന്‍ താരം യുസ്നെലിസ് ഗുസ്മാന്‍ ലോപ്പസ്. വിനേഷിന്റെ അയോഗ്യതയിലൂടെ ഗുസ്മാനാണ് ഫൈനലിന് നറുക്ക് വീണത് .  ഗുസ്മാനെ 5-0ന് ആധികാരികമായി പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയത്. പാന്‍ അമേരിക്കന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ താരം പാന്‍ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്. ടോക്കിയോയില്‍ റപ്പാഷ് റൗണ്ടില്‍ പുറത്തായ താരത്തിന് നിലവിലെ ഫൈനല്‍ പ്രവേശം വീണുകിട്ടിയ അവസരമാണ്.

ENGLISH SUMMARY:

Vinesh Phogat disqualified: Who will get gold, silver, and bronze in 50kg wrestling freestyle?