sachin-and-wife-anjali

TOPICS COVERED

ക്രിക്കറ്റ് ജീവിതത്തിനപ്പുറം സച്ചിന്റെ സ്വകാര്യ ജീവിതം അത്ര പരസ്യമല്ല. അഞ്ജലിയുമായുള്ള പ്രണയം പ്രത്യേകിച്ചും. 19കാരൻ പയ്യൻ വീട്ടിലെത്തി ഏകമകളെ വിവാഹം കഴിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട കഥ വെളിപ്പെടുത്തുകയാണ് അഞ്ജലിയുടെ അമ്മ അനാബെൽ മേത്ത. 'മൈ പാസേജ് ടു ഇന്ത്യ' എന്ന പുസ്തകത്തിലാണ് സച്ചിൻ- അഞ്ജലി പ്രണയത്തിന്റെ മനോ​ഹര നിമിഷങ്ങളെ  അവർ സ്നേഹ നിർഭരമായി നർമ രസം കലർത്തി എഴുതിയിരിക്കുന്നത്. 

ആദ്യ കാഴ്ചയിൽ തന്നെ സച്ചിന് അഞ്ജലിയെ ഇഷ്ടമായി. ലണ്ടനിലെ ബേസ്‍വാട്ടറിലുള്ള സഹോദരൻ റിച്ചാർഡിൻറെ വീട്ടിൽ വെച്ചാണ് അനാബെൽ സച്ചിനെ കാണുന്നത്. 'അഞ്ജലിയും സച്ചിനും മഫിയും എന്നെ കാത്തിരിക്കുകയായിരുന്നു. ഞാനും സച്ചിനും അടുക്കള മേശയുടെ ഇരുവശത്തുമുള്ള ബെഞ്ചുകളിൽ ഇരുന്നാണ് സംസാരിച്ചു തുടങ്ങിയത്. അഞ്ജലി ഞങ്ങളുടെ ഏക മകളാണെന്ന കാര്യം ഞാനവനെ ഓർമിപ്പിച്ചു, ഞങ്ങളുടെ രണ്ടാമത്തെ മകളെ നഷ്ടപ്പെട്ടതിനാൽ അഞ്ജലിയുടെ പ്രധാന്യം പറഞ്ഞു. അഞ്ജലിയുടെ കാര്യത്തിൽ എന്താണ് നിൻറെ ഉദ്ദേശ്യം എന്നും ആ സംഭാഷണത്തിൽ ഞാൻ സച്ചിനോട് ചോദിച്ചു', ആദ്യ കൂടിക്കാഴ്ച പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്.  

‘ഞങ്ങൾക്ക് കല്യാണം കഴിക്കണം’ എന്ന നേരായ മറുപടിയായിരുന്നു സച്ചിൻ നൽകിയത്. ആ ഉത്തരത്തിൽ അമ്പരന്നതായി അനാബെൽ മേത്ത എഴുതുന്നു. ഉയരമുള്ള, ഇരുണ്ട, സുന്ദരനായ ഒരു പുരുഷനെയാണ് അവർ അഞ്ജലിക്കായി സങ്കൽപ്പിച്ചിരുന്നത്. അനാബെലിന്റെ കാഴ്ചയിൽ ഇരുണ്ട, എന്നാൽ സുന്ദരനുമായിരുന്നു സച്ചിൻ. പത്തൊൻപതാം വയസിലും സച്ചിനൊരു കുട്ടിയാണെന്നായിരുന്നു അനാബെലിന്റെ തോന്നൽ. അഞ്ജലിയേക്കാൾ കഷ്ടിച്ച് ഉയരം. സച്ചിൻറെ ഉയർന്ന് നിൽക്കുന്ന മുടിയാണ് അവനൊരു മുൻതൂക്കം നൽകുന്നത്. പക്ഷേ ഹൈ ഹീൽസ് ഇഷ്ടപ്പെട്ടിരുന്ന അഞ്ജലിക്ക് അത് ധരിക്കാനാകുമായിരുന്നില്ലെന്നും പുസ്തകത്തിലുണ്ട്. 

വിവാഹ നിശ്ചയത്തിലേക്ക് എത്തിയത് അഞ്ജലിയുടെ അക്ഷമയായിരുന്നുവെന്ന് അനാബെൽ കൂട്ടിച്ചേർക്കുന്നു. 'വീട്ടിലെ ആ സംസാരത്തിന് ശേഷം സച്ചിൻ ക്രിക്കറ്റിലേക്കും അഞ്ജലി പീഡിയാട്രിക്സിലേക്കും കടന്നു. പക്ഷെ അഞ്ജലി അക്ഷമയായിരുന്നു. ഒരു വൈകുന്നേരം ന്യൂസിലാൻഡിൽ നിന്നുള്ള സച്ചിന്റെ ഫോൺ കോളിൽ അവൾ വിവാഹകാര്യം എടുത്തിട്ടു. ഒരു ചെറിയ ഇടവേളയെടുത്ത് സച്ചിൻ അവളോട് പറഞ്ഞു, വീട്ടുകാരെ പോയി കണ്ട് സമ്മതം വാങ്ങാൻ.. സമ്മതം കിട്ടിയാൽ നാട്ടിലെത്തിയാൽ വിവാഹം ഉറപ്പിക്കാം എന്ന ആലോചനയിലായിരുന്നു ഞങ്ങൾ'.

അഞ്ജലിയും സച്ചിന്റെ കുടുംബവും ഒന്നിച്ചുള്ള കൂടികാഴ്ച ഒരുക്കിയത് സച്ചിന്റെ മൂത്ത ജേഷ്ഠൻ അജിത്താണ്. ഉറപ്പിക്കലിന് തൊട്ടടുത്ത ദിവസം വരെ ഞങ്ങൾ സച്ചിന്റെ മാതാപിതാക്കളെ കണ്ടിരുന്നില്ല. സച്ചിന്റെ 21-ാം പിറന്നാൾ ദിനമാണ് ഉറപ്പിക്കൽ നടന്നത്.1994 ഏപ്രിൽ 24 ന് അഞ്ജലിയുടെ വീട്ടിൽ വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടന്നത്. ശേഷം സച്ചിൻ ദുബായിൽ പോയി. 'അഞ്ജലിക്കായി ഞങ്ങളൊരു ഡയമണ്ട് മോതിരം നോക്കിവച്ചു. സച്ചിൻ വന്നിട്ട് വേണം ഇത് വേണോ എന്ന് തീരുമാനിക്കാൻ. വീട്ടിലെത്തിയ സച്ചിൻ അവളുടെ വിരലിൽ മോതിരം ഇട്ട് ചുംബിക്കുന്ന മനോഹരമായ ഒരു ഫോട്ടോയുണ്ട്, അതത്രയും സ്വകാര്യമാണ് സച്ചിൻ വളരെ സ്വകാര്യ വ്യക്തിയാണ്' അവർ വിശദമാക്കുന്നു.

ENGLISH SUMMARY:

Sachin Tendulkar And Anjali love story shared by Annabel Mehta