32 വർഷത്തിന് ശേഷം പാകിസ്ഥാനിലേക്ക് ഒളിംപിക്സ് സ്വർണമെത്തിയത് ജാവിലിൻ താരം അർഷാദ് നദീമിലൂടെയാണ്. 92.97 മീറ്റർ ദൂരം എറിഞ്ഞ് ഒളിംപിക്സ് റെക്കോർഡോടെയാണ് അർഷാദ് സ്വർണം നേടിയത്. ലോകത്തെമ്പാടു നിന്നും അർഷാദിൻറെ പ്രകടനത്തിന് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. അതിനിടെ ഞെട്ടിക്കുന്നൊരു അവകാശവാദമാണ് പാകിസ്ഥാനിൽ നിന്നും വരുന്നത്. ചെറിയ പിന്തുണ നൽകിയാൽ പാകിസ്ഥാൻ ഫിഫാ ലോകകപ്പും ജയിക്കുമെന്നാണ് നാഷണൽ അസംബ്ലി അംഗമായ ബിലാവൽ ഭൂട്ടോ പറഞ്ഞത്.
'ഒളിംപിക്സോ ക്രിക്കറ്റോ മാത്രമല്ല, ചെറിയ പിന്തുണയുണ്ടെങ്കിൽ നമുക്ക് ഫിഫാ ലോകകപ്പ് നേടാൻ സാധിക്കും' എന്നായിരുന്നു അർഷാദ് നദീമിനെ അഭിനന്ദിച്ച് പാക് അസംബ്ലിയിൽ ഭൂട്ടോ സംസാരിച്ചത്. 'അർഷാദ് നദീമിൻറെ പ്രകടനത്തെ അഭിനന്ദിക്കുന്നു. അസാധ്യമായതിനെ കഠിനാധ്വാനം കൊണ്ട അർഷാദ് നേടിയെടുത്തിരിക്കുന്നു. ഒളിംപിക്‌സ് സ്വർണമെഡലുമായി നാട്ടിലേക്ക് മടങ്ങുകയാണ്. പാകിസ്ഥാനിലെ യുവാക്കൾക്ക് അവസരം ലഭിച്ചാൽ അവർക്ക് എന്തും നേടാനാകുമെന്ന് ഇത് കാണിക്കുന്നു' എന്നും ഭൂട്ടോ നാഷണൽ അസംബ്ലിയിൽ പറഞ്ഞു.
'കറാച്ചിയിലെ ലിയാരിയിലെ ഓരോ കുട്ടിക്കും ഫിഫ ലോകകപ്പ് നേടാനാകും. രണ്ടാഴ്ച മുൻപ് പെഷവാറിൽ പോയപ്പോൾ കണ്ടത് ചില പെൺകുട്ടികൾ തായ്‌ക്വോണ്ടോയിൽ മെഡലുകൾ നേടിയതാണ്. അടുത്ത ഒളിംപിക്‌സിൽ പാക്കിസ്ഥാന് എല്ലാ മേഖലകളിൽ നിന്നും മെഡൽ ജേതാക്കൾ ഉണ്ടാകണം. കഴിവുള്ള കായികതാരങ്ങളെ പിന്തുണയ്ക്കാനും സ്കൗട്ട് ചെയ്യാനും ഫണ്ടുണ്ടാക്കാൻ കായിക മന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. അതുവഴി പാക്കിസ്ഥാൻ്റെ എല്ലാ മേഖലകളിൽ നിന്നും അർഷാദ് നദീമുകളെ നമുക്ക് ഉണ്ടാക്കാനാകും' എന്ന ഭൂട്ടോയുടെ പ്രസംഗത്തിലുണ്ട്.
നിലവിലെ ഫിഫാ റാംഗിങ്ങിൽ 197ാം സ്ഥാനത്താണ് പാകിസ്ഥാൻ.