പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ തള്ളി. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയുടേതാണ് തീരുമാനം. ഇതോടെ വിനേഷിനും അതുവഴി ഇന്ത്യയ്ക്കും ഒരു മെഡല്‍കൂടി ലഭിക്കുമെന്ന പ്രതീക്ഷ അവസാനിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഒളിംപിക്സിന് തിരശീല വീണിട്ടും ഇന്ത്യയ്ക്കുണ്ടായിരുന്ന മെ‍ഡല്‍ പ്രതീക്ഷയ്ക്ക് നിരാശയോടെ അന്ത്യം. ഒളിംപിക്സ് ഗുസ്തി 50 കിലോ ഫൈനലിലെത്തിയശേഷം ശരീരഭാരം 100 ഗ്രാം കൂടിയെന്ന കാരണത്താലാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് വെള്ളി മെഡലിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി വിനേഷ് രാജ്യാന്തര  കായിക കോടതിയെ സമീപിച്ചത്.  അയോഗ്യതാ രേഖകളും ഗുസ്തി നിയമാവലിയും പരിശോധിച്ച കോടതി തീരുമാനം മൂന്നുതവണ മാറ്റിവയ്ക്കുകയും ഒടുവില്‍ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. 

നിയമപ്രകാരമാണ് വിനേഷിനെ അയോഗ്യയാക്കിയതെന്ന ഒളിംപിക്സ് കമ്മിറ്റിയുടേയും രാജ്യാന്തര ഗുസ്തി ഫെഡറേഷന്‍റേയും തീരുമാനം കോടതി ശരിവച്ചു. അതേസമയം, കോടതി തീരുമാനം ഞെട്ടിക്കുന്നതാണെന്നായിരുന്നു ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡ‍ന്‍റ് പിടി ഉഷയുടെ പ്രതികരണം. തീരുമാനത്തിനെതിരെ അപ്പീല്‍ പോകുന്നതടക്കം കാര്യങ്ങള്‍ അസോസിയേഷന്‍ പരിഗണിക്കുന്നുണ്ട്. 

ENGLISH SUMMARY:

No silver medal for Vinesh Phogat as CAS dismisses petition against Olympics disqualification