പാരിസ് ഒളിംപിക്സിലെ സുന്ദര കാഴ്ചയായിരുന്നു ചൈനീസ് ജിംനാസ്റ്റിക് താരം ഷൗ യാക്കിൻ. മത്സരശേഷം പോഡിയത്തിൽ നിന്നുള്ള ചിരിയും സഹതാരത്തെ അനുകരിച്ച് മെഡൽ കടിക്കാനുള്ള ശ്രമവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. വനിതകളുടെ ബാലൻസ് ബീം മത്സരത്തിൽ വെള്ളി നേടിയ 18 കാരിയായ യാക്കിൻ ഒളിംപിക്സിന്റെ ആഘോഷത്തിന് ശേഷം റസ്റ്റോറൻറ് ജോലിയുടെ തിരക്കിലാണ്. ഹുനാൻ പ്രവിശ്യയിൽ മാതാപിതാക്കളുടെ റസ്റ്റോറന്റിലെ ജോലി തിരക്കിലാണ് താരം.
ഹെങ്‌യാങ് സിറ്റിയിലെ നാൻയു ജില്ലയിലെ ഫുറോംഗ് റോഡിലാണ് റെസ്റ്റോറൻ്റ് സ്ഥിതി ചെയ്യുന്നതെന്ന് സമൂഹ മാധ്യമ പോസ്റ്റിൽ പറയുന്നു. ഹോട്ടലിൽ ഓടി നടന്ന് ഭക്ഷണം വിളമ്പുന്നതും മാതാപിതാക്കളെ സഹായിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം.
'സുന്ദരിയായ ചൈനീസ് ജിംനാസ്റ്റ് ഷൗ യാക്കിനെ ഓർക്കുന്നുണ്ടോ? വെള്ളി നേടിയ ശേഷം അവൾ വീട്ടിലേക്ക് മടങ്ങി. പക്ഷെ നിങ്ങൾക്കിതിനെ അവധിക്കാലമെന്ന് വിളിക്കാനാകില്ല. മാതാപിതാക്കൾ നടത്തുന്ന റസ്റ്റോറന്റിൽ അവൾക്ക് സഹായിക്കേണ്ടതുണ്ട്' എന്നാണ് 'ഷാങ്ഹായ് പാണ്ട' എന്ന് എക്സ് അക്കൗണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വനിതകളുടെ ബാലൻസ് ബീമിൽ വെള്ളി മെഡൽ നേടിയ യാക്കിൻ യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തായിരുന്നു. 14.866 സ്‌കോറോടെ അമേരിക്കയുടെ സിമോൺ ബൈൽസ്, ബ്രസീലിൻ്റെ റെബേക്ക ആൻഡ്രേഡ് എന്നിവരെ മറികടന്നായിരുന്നു പ്രകടനം. ഫൈനലിൽ 14.10 സ്കോറോടെ വെള്ളിയാണ് ചൈനീസ് താരം സ്വന്തമാക്കിയത്.
വെള്ളി മെഡൽ നേട്ടത്തിനപ്പുറം മെഡലുമായി പോഡിയത്തിൽ നിന്നുള്ള ചിരിയാണ് യാക്കിനെ ലോകത്തിന് സുചരിചിതയാക്കിയത്. മെഡൽ ദാനത്തിന് ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ആലീസ് ഡി അമറ്റോയെയും മനില എസ്പോസിറ്റോയെയും അനുകരിച്ച് മെഡൽ കടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.