ഒളിംപിക്സിലെ മിന്നും വിജയത്തിനു പിന്നാലെ നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമാണ് മനു ഭാക്കറിന് ലഭിക്കുന്നത്. നിലവില്‍ യുവ അത്‌ലറ്റുകൾക്ക് പ്രചോദനം നൽകുന്നതിനായി രാജ്യവ്യാപകമായി പര്യടനത്തിലാണ് താരം. ഇതിനിടയിലും മനു ഭാക്കറും നീരജ് ചോപ്രയെയും കൂട്ടിച്ചേര്‍ത്തുള്ള വാര്‍ത്തകള്‍ താരത്തിന് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഇപ്പോളിതാ നീരജിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ വേദി വിടുകയാണ് താരം.

ചൊവ്വാഴ്ച ചെന്നൈയിൽ നടന്ന ഒരു പരിപാടിയിലാണ് ഒരു മാധ്യമപ്രവർത്തകൻ മനുഭാക്കറിനോട് വിനേഷ് ഫോഗട്ടിനെതിരായ വിധി രാഷ്ട്രീയ പ്രേരിതമാണ് എന്നതിനോടുള്ള അഭിപ്രായം ചോദിച്ചത്. എന്നാല്‍ ചോദ്യത്തിന് മനു ഭാക്കര്‍ മറുപടി പറയും മുന്‍പേ മനുവിന്‍റെ അമ്മയെ തേടി അടുത്ത ചോദ്യമെത്തി. നീരജ് ചോപ്രയുമായി നിങ്ങള്‍ എന്തായിരുന്നു സംസാരിച്ചിരുന്നത് എന്നായിരുന്നു ചോദ്യം. ചോദ്യത്തില്‍ അസ്വസ്ഥയായ മനു മറുപടി പറഞ്ഞില്ലെന്ന് മാത്രമല്ല വേദി വിടുകയും ചെയ്യുകയായിരുന്നു.

ഒരു ഒളിംപിക്സിൽ രണ്ട് മെഡൽ എന്ന ചരിത്ര നേട്ടം കുറിച്ച താരമാണ് ഷൂട്ടർ മനു ഭാക്കർ. 10 മീറ്റർ പിസിറ്റളിലും 10 മീറ്റർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലുമാണ് മനു വെങ്കല മെഡൽ നേടിയത്. ഒളിംപിക്സ് സമാപന ചടങ്ങിൽ ഹോക്കി താരം പിആർ ശ്രീജേഷിനൊപ്പം പതാകയേന്തിയതും മനു ഭാക്കറാണ്. ചടങ്ങിന് തൊട്ടുമുൻപായി മനുവും അമ്മയും ജാവലിൻ താരം നീരജ് ചോപ്രയുമായി സംസാരിച്ചിരുന്നു.  ഈ വിഡിയോകളും വൈറലായതിന് പിന്നാലെ ഇരുവരുടെയും ഭാവി ജീവിതത്തെ പറ്റി അഭ്യൂഹങ്ങളുയരുകയും ചെയ്തു.

അമ്മയും മനുവും നീരജിനോട് സംസാരിക്കുന്ന വിഡിയോയെ പറ്റിയുള്ള ചോദ്യത്തിന് നേരത്തെ മനു പ്രതികരിച്ചിരുന്നു. ഇക്കാര്യത്തെ കൂടുതലറിയില്ല എന്നായിരുന്നു മനുവിന്‍റെ മറുപടി. '2018 മുതൽ മൽസരവേദികളിൽ ഞങ്ങൾ കാണാറുണ്ട്. അല്ലാതെ അത്രയധികം സംസാരിക്കാറില്ല. കാണുമ്പോൾ പരസ്പരം കുറച്ച് സംസാരിക്കും. പ്രചരിക്കുന്ന കിംവദന്തികളിൽ യാതൊരു സത്യവുമില്ല' എന്നാണ് മനു ഭാക്കർ പ്രതികരിച്ചത്.  ഇരുവരും വിവാഹിതരാകാൻ പോകുന്ന എന്ന മട്ടിലാണ് വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വിവാഹ വാർത്തകൾ ഇരുകുടുംബങ്ങളും നേരത്തെ തള്ളിയിരുന്നു.

ENGLISH SUMMARY:

Reporter asked to Manu Bhaker's mom that what was her conversation with Neeraj Chopra. Hearing the question Manu left the place.