ഒളിംപിക്സിന് പിന്നാലെ പാരീസില്‍ പാരാലിംപിക്സ് ആവേശം. പരിമിതികളെ പൊരുതി വീഴ്ത്തിയവരുടെ പോരിന് വർണാഭമായ തുടക്കമായി. പാരിസിന്‍റെ മണ്ണ് ഇനി സാക്ഷിയാകാന്‍ പോകുന്നത് പാരാലിംപിക്സ് പോരാട്ടങ്ങള്‍ക്കാണ്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.30ഓടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. മണിക്കൂറുകളോളം നീണ്ടുനിന്ന ഉദ്ഘാടനച്ചടങ്ങിൽ ആയിരത്തോളം കലാകാരൻമാർ ദൃശ്യവിരുന്നൊരുക്കി.
11 ദിവസം നീണ്ടു നിൽക്കുന്ന വിശ്വ കായികമാമാങ്കത്തിൽ 22 ഇനങ്ങളിലായി 4400 അത്‌ലീറ്റുകള്‍ പങ്കെടുക്കും. സ്റ്റേഡിയത്തിനു പുറത്ത്, നഗരമധ്യത്തില്‍ പ്രത്യേകമൊരുക്കിയ വീഥിയിലാണ് രാജ്യങ്ങളുടെ പരേഡ് നടന്നത്. ഇതിഹാസ താരം ജാക്കി ചാന്‍ പാരാലിംപിക്സ് ദീപശിഖയേന്തി പാരീസ് നഗരത്തെ ആവേശം കൊളളിച്ചു. ദീപശിഖയുമായി പാരീസ് നഗരമധ്യത്തിലെത്തിയ താരത്തെ ആയിരക്കണക്കിന് ആരാധകരാണ് വരവേറ്റത്. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ചിത്രങ്ങള്‍ പകര്‍ത്തിയും താരം ഉദ്ഘാടനച്ചടങ്ങിനെ കൂടുതല്‍ രസകരമാക്കി.
അതേസമയം 84 അംഗ സംഘമാണ് പാരിസ് പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ഇത്തവണ പാരാലിംപിക്സിൽ മാറ്റുരയ്ക്കുന്നത്. പാരാ അത്‍ലറ്റുകളായ സുമിത് ആന്‍റിലും ഭാഗ്യശ്രീ യാദവുമാണ് ഇന്ത്യൻ പതാകയേന്തിയത്. ഷൂട്ടര്‍ സിദ്ധാര്‍ത്ഥ ബാബുവാണ് ടീമിലെ ഏക മലയാളി സാന്നിധ്യം.