പാരീസ് ഒളിമ്പിക്സിൽ നേടിയ മെഡലുകളുമായി ഷോ കാണിക്കുന്നുവെന്ന വിമര്‍ശനത്തിന് മറുപടിയുമായി ഷൂട്ടിങ് താരം മനു ഭാക്കര്‍.  പാരിസ് ഒളിംപിക്സിലെ വിജയത്തിന് ശേഷം എവിടെ പോയാലും മെഡലുകള്‍ കഴുത്തില്‍ തൂക്കിയിട്ടു നടക്കുകയാണെന്നായിരുന്നു മനുവിനെതിരെ വന്ന വിമര്‍ശനം. ഇതിന് മറുപടിയെന്നോണം സാരിയുടുത്ത് കഴുത്തില്‍ മെഡല്‍ അണിഞ്ഞു നില്‍ക്കുന്ന ചിത്രം മനു പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ കരിയറില്‍ ഇതുവരെ നേടിയ എല്ലാ മെഡലുകളും ഒന്നിച്ചുവെച്ച് അതിന് നടുക്കിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. 

ഷൂട്ടിങ്ങിൽ എന്‍റെ യാത്ര തുടങ്ങുമ്പോൾ എനിക്ക് 14 വയസ്സായിരുന്നു. ഇത്രയും ദൂരം എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നിങ്ങൾ എന്തെങ്കിലും ആരംഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ സ്വപ്നങ്ങൾ എത്ര കഠിനമാണെങ്കിലും അതിനെ പിന്തുടരാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, മുന്നോട്ട് പോവുക, നിങ്ങളുടെ അഭിനിവേശം നിങ്ങളുടെ യാത്രയ്ക്ക് ഇന്ധനം നൽകട്ടെ. മുന്നോട്ടുള്ള ഓരോ ചെറിയ ചുവടും നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നു.  നിങ്ങൾ കരുതുന്നതിലും കൂടുതൽ നിങ്ങൾക്ക് കഴിവുണ്ട്! അതെ, ഒളിമ്പിക് സ്വർണ മെഡലുകൾ നേടണമെന്നുള്ള എന്‍റെ സ്വപ്നം തുടരുകയാണ്. എന്നാണ് മനു ഭാക്കര്‍ കുറിച്ചത്. 

2024 ലെ പാരീസ് ഒളിമ്പിക്സിൽ ഞാൻ നേടിയ രണ്ട് വെങ്കല മെഡലുകൾ ഇന്ത്യയുടേതാണ്. ഏതെങ്കിലും പരിപാടിക്ക് എന്നെ ക്ഷണിക്കുകയും ഈ മെഡലുകൾ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ, ഞാൻ അത് അഭിമാനത്തോടെ ചെയ്യുന്നു. എന്‍റെ മനോഹരമായ യാത്ര പങ്കിടാനുള്ള എന്‍റെ വഴിയാണിത് എന്ന അടിക്കുറിപ്പോടെയായിരുന്നു സാരിയുടുത്ത് കഴുത്തില്‍ മെഡല്‍ അണിഞ്ഞ ചിത്രം മനു പങ്കുവെച്ചത്. 

പാരിസിലെ മെഡൽ നേട്ടത്തിനു ശേഷം തിരിച്ചെത്തിയ മനു സ്വീകരണ യോഗങ്ങൾ ഉൾപ്പെടെ വ്യത്യസ്ത പരിപാടികൾക്കായി പോകുമ്പോള്‍ ഒളിംപിക്സ് മെഡലും കൊണ്ടുപോകുമായിരുന്നു. ഇതോടെയാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോളുകൾ ഉയർന്നത്.

ENGLISH SUMMARY:

Manu Bhakar replied to those who criticized her