ബംഗ്ലാദേശിന്‍റെ രണ്ട് ഓപ്പണര്‍മാരെയും മടക്കിയാണ് ആകാശ് ദീപ് കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്. 26-2 എന്ന നിലയിലേക്ക് ബംഗ്ലാദേശ് വീണെങ്കിലും ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 74 എന്ന സ്കോറിലേക്ക് എത്താന്‍ ബംഗ്ലാദേശിനായി. മോമിനുല്‍ ഹസനും ക്യാപ്റ്റന്‍ നജ്മുല്‍ ഷാന്റോയുമാണ് ബംഗ്ലാദേശിനെ തിരികെ കയറ്റാനുള്ള ശ്രമങ്ങളില്‍. ആദ്യ സെഷനില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ശദ്മാന്‍ ഇസ്ലമിനെതിരെ നല്‍കിയ റിവ്യുവില്‍ തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചതിന് പിന്നാലെ വന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണവും ഇതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ആകാശിന്‍റെ ഗുഡ് ലെങ്ത് ബോളില്‍ ശദ്മാന്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങുകയായിരുന്നു. ഓണ്‍ ഫീല്‍ഡ് അംപയര്‍ നോട്ട്ഔട്ട് വിധിച്ചു. അമ്പയറുടെ തീരുമാനത്തില്‍ പുനപരിശോധന തേടി ഡിസിഷന്‍ റിവ്യൂ സിസ്റ്റം ആവശ്യപ്പെടാന്‍ ആകാശ് ക്യാപ്റ്റന്‍ രോഹിത്തിനെ നിര്‍ബന്ധിച്ചു. ഡിആര്‍എസ് എടുക്കുന്നതിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും അനുകൂലിച്ചു. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ ഉരസുന്നില്ലെന്ന് വ്യക്തമായി. പന്ത് ലെഗ് സ്റ്റംപിന് നേരെ എത്തുവെന്ന് ബോള്‍ ട്രാക്കിങ്ങിലും കണ്ടു. ഇതോടെ അത് ഔട്ട് ആണെന്ന് വിശ്വസിക്കാനാവാത്ത ഭാവത്തിലായിരുന്നു രോഹിത്തിന്റെ മുഖഭാവം.
കാണ്‍പൂരില്‍ രണ്ട് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടാം ടെസ്റ്റിന്റെ തലേന്ന് കാണ്‍പൂരില്‍ പെയ്ത മഴ പ്ലേയിങ് ഇലവനെ തീരുമാനിക്കുന്നതിനേയും സ്വാധീനിച്ചു. ഇതോടെ ചെന്നൈ ടെസ്റ്റിന് ഇറങ്ങിയ അതേ ടീമിനെയാണ് ഇന്ത്യ കാണ്‍പൂരും ഇറക്കിയത്. ചെന്നൈ ടെസ്റ്റിലും ആകാശ് ആദ്യ ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.