ടി-20 വനിത ലോകകപ്പിന് ഇന്ന് യുഎഇയിൽ തുടക്കം. ബംഗ്ലദേശിലെ ആഭ്യന്തര കലാപത്തെ തുടർന്നാണ് മൽസരം യുഎഇയിലേക്ക് മാറ്റിയത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പത്ത് ടീമുകളും. സമ്മർദ്ദമില്ലാതെ കളിക്കാനാണ് ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ  മീറ്റ് ദ പ്രസിൽ പറഞ്ഞു.

വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒൻപതാം പതിപ്പിനാണ് യുഎഇ വേദിയാകുന്നത്. ആഭ്യന്തര കലാപത്തെ തുടർന്ന് മൽസരം യുഎഇയിലേക്ക് മാറ്റിയെങ്കിലും ആതിഥേയത്വത്തിനുള്ള അവകാശം ബംഗ്ലാദേശിന് തന്നെയാണ്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആതിഥേയരായ ബംഗ്ലാദേശും സ്കോട്‌ലൻഡും തമ്മിലാണ് ഉദ്ഘാടന മൽസരം. രണ്ടാം മൽസരത്തിൽ പാക്കിസ്ഥാൻ ശ്രീലങ്കയെ നേരിടും.   വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. ലീഗ് മൽസരങ്ങൾ ടീമിന് കരുത്ത് പകരുന്നതാണെന്നും സമ്മർദ്ദമില്ലാതെ കളിക്കാനാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു.  പുരുഷ ടീം ലോക കപ്പ് സ്വന്തമാക്കിയത് ഊർജം പകരുന്നുണ്ടെന്നും ഹർമൻ കൂട്ടിച്ചേർത്തു.

സ്മൃതി മന്ദാന, ഷഫാലി വർമ, എന്നിവ‍കർക്ക് പുറമെ മലയാളികളായ സജന സജീവനും ആശാ ശോഭനയും ടീം ഇന്ത്യയ്ക്ക് കരുത്ത് പകരും.  ആറ് തവണ കിരീടം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ.  ഓസീസിനെ തുടർച്ചയായ മൂന്നു ടി ട്വന്‍റി ലോകകപ്പ്  കിരീടങ്ങളിലേക്കു നയിച്ച മെഗ് ലാന്നിംഗ് വിരമിച്ചശേഷം നടക്കുന്ന പ്രധാന ടൂർണമെന്‍റാണ് ഇത്. പത്ത് ടീമുകളിൽ ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്.

ENGLISH SUMMARY:

Women's T20 World Cup begins today