രാജ്യാന്തര ഹോക്കിയില്‍ നിന്ന് വിരമിച്ച പി.ആര്‍.ശ്രീജേഷിന് പുതിയ ഉത്തരവാദിത്തം. ഏഴ് വര്‍ഷത്തിന് ശേഷം പുനരാരംഭിക്കുന്ന ഹോക്കി ഇന്ത്യ ലീഗില്‍ ഡല്‍ഹി ടീമിന്‍റെ ഡയറക്ടറും മെന്‍ററുമായി ശ്രീജേഷ് ചുമതലയേറ്റു. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകന്‍റെ ചുമതല അടുത്ത ആഴ്ച ഏറ്റെടുക്കുമെന്നും ശ്രീജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഡിസംബറില്‍ ആരംഭിക്കുന്ന ഹോക്കി ഇന്ത്യ ലീഗില്‍ എട്ട് പുരുഷ ടീമുകളും ആറ് വനിതാ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ഇതില്‍ ഡല്‍ഹി എസ്.ജി. പൈപേഴ്സ് ടീമിന്‍റെ ഡയറക്ടറും മെന്‍ററുമായാണ് പി.ആര്‍.ശ്രീജേഷിനെ നിമയിച്ചത്. ഭരണപരമായ ചുമതലയാണെങ്കിലും ടീം അംഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും അവരെ സഹായിക്കാനും കൂടെയുണ്ടാകുമെന്ന് ശ്രീജേഷ് പറഞ്ഞു. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്‍റെ പരിശീലക പദവി ഉടന്‍ ഏറ്റെടുക്കും. പ്രധാന പരിഗണന അതിനായിരിക്കും നല്‍കുക എന്നും ശ്രീജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
Also Read: എംബാപ്പെ പോയതിന്റെ ക്ഷീണം തീര്‍ക്കണം; സലയ്ക്കായി പണമൊഴുക്കാന്‍ പിഎസ്ജി
മുന്‍ ടെന്നീസ് താരം മഹേഷ് ഭൂപതി സി.ഇ.ഒ ആയ എസ്.ജി. സ്പോര്‍ട്സ് മീഡിയ ആന്‍ഡ് എന്‍റര്‍ടൈന്‍മെന്റും എ.പി.എല്‍. അപ്പോളോയുമാണ് ഹോക്കി ഇന്ത്യ ലീഗിലെ ഡല്‍ഹി ടീമിന്‍റെ ഉടമകള്‍. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ടീമിന്‍റെ ജഴ്സിയും പ്രകാശനം ചെയ്തു.