പൂണെ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ എറിഞ്ഞു വീഴ്ത്തി വാഷിങ്ടണ്‍ സുന്ദര്‍. 59 റണ്‍സ് വിട്ടുകൊടുത്ത് 7 കിവീസ് ബാറ്റര്‍മാരെയാണ് വാഷിങ്ടണ്‍ സുന്ദര്‍ മടക്കിയത്. ബാറ്റിങ് നിരയിലെ ആദ്യ മൂന്നുപേരെയും വീഴ്ത്തി ആര്‍.അശ്വിന്‍ മികച്ച പിന്തുണ നല്‍കി.
സ്പിന്നര്‍മാര്‍ അരങ്ങുവാണ ആദ്യദിനം ന്യൂസിലന്‍ഡ് 259 റണ്‍സില്‍ ഒതുങ്ങി. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില്‍ സ്കോര്‍ 32 ല്‍ എത്തി നില്‍ക്കെ ടോം ലാഥത്തെ മടക്കി അശ്വിനാണ് തുടക്കമിട്ടത്. ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേയും വില്‍ യങ്ങും ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമം നടത്തി. ഇരുവരും ചേര്‍ന്ന് 44 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 18 റണ്‍സ് എടുത്ത യങ്ങിനെ അശ്വിന്‍ മടക്കിയതോടെ കൂട്ടുകെട്ട് തകര്‍ന്നു. പിന്നാലെ എത്തിയ രചിന്‍ രവിന്ദ്രയും കോണ്‍വേയും പിച്ചിലെ ടേണ്‍ തിരിച്ചറിഞ്ഞ് സുക്ഷ്മതയോടെയാണ് ബാറ്റ് വീശിയത്. ഇരുവരും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിചേര്‍ത്തു . കോണ്‍വേയെ മടക്കി അശ്വിന്‍ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 76 റണ്‍സായിരുന്നു കോണ്‍വേയുടെ സമ്പാദ്യം.
65 റണ്‍സെടുത്ത രവീന്ദ്രയെ പുറത്താക്കിയായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്‍റെ തുടക്കം. ന്യൂസിലന്‍ഡ് ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ പിന്നെ വാഷിങ് ടണ്‍ സുന്ദര്‍ അനുവദിച്ചില്ല. ഡാരല്‍ മിച്ചല്‍ (18), ടോം ബ്ലന്‍ഡല്‍ (3) , ഗ്ലെന്‍ ഫിലിപ്സ് (9), ടിം സൗത്തി (5) അജാസ് പട്ടേല്‍ (5) എന്നിവരെ ഞൊടിയിടകൊണ്ട് സുന്ദര്‍ ഡ്രസിങ് റൂമിലെത്തിച്ചു .33റണ്‍ണ്‍സുമായി മിച്ചല്‍ സാന്‍റനറിന്‍റെ ചെറുത്തു നില്‍പ്പും അധികനേരം നീണ്ടില്ല . വാലറ്റത്ത മൂന്നുപേരെ വേഗം മടക്കി വാഷിങ് ടണ്‍ സുന്ദര്‍ 7 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
കെ.എല്‍.രാഹുലിനെയും മുഹമ്മദ് സിറാജിനെയും കുല്‍ദീപ് യാദവിനെയും ഒഴിവാക്കിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. ആദ്യ ടെസ്റ്റില്‍ സെഞ്ചറി നേടിയ സര്‍ഫറാസ് ഖാനെ നിലനിര്‍ത്തിയപ്പോള്‍ പരുക്കുമാറി ശുഭ്മന്‍ ഗില്‍ തിരിച്ചെത്തി. സിറാജിന് പകരം ആകാശ്ദീപും ആദ്യടെസ്റ്റില്‍ നിറംമങ്ങിയ കുല്‍ദീപിന് പകരം വാഷിങ്ടണ്‍ സുന്ദറും അന്തിമ ഇലവനില്‍ ഇടംപിടിച്ചു. സ്പിന്നിന് അനുകൂലമായ പൂണെയില്‍ കിവീസും അധിക സ്പിന്നറെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റ പേസര്‍ മാറ്റ് ഹെന്‍റിക്ക് പകരം മിച്ചല്‍ സാന്‍റ്നര്‍ ടീമിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടിയായി മൂന്നാമോവറില്‍ റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മ പുറത്തായി. ആദ്യദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ്. ജയ്‍സ്‍വാളും ഗില്ലുമാണ് ക്രീസില്‍. മൂന്നുടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് തോറ്റിരുന്നു.
2012നു ശേഷം ഇന്ത്യയില്‍ നടന്ന 18 പരമ്പരകളില്‍ ഒന്നില്‍പ്പോലും ഇന്ത്യ തോറ്റിട്ടില്ല. എന്നാല്‍ ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കിവീസ് ഉജ്വലവിജയം കുറിച്ചതോടെ ഈ റെക്കോര്‍ഡില്‍ മാറ്റം വരുമോ എന്ന ആശങ്ക ഇന്ത്യന്‍ ആരാധകര്‍ക്കുണ്ട്. ബെംഗളൂരുവില്‍ 8 വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ വിജയം. അടുത്തമാസം ആദ്യം മുംബൈയിലാണ് മൂന്നാം ടെസ്റ്റ്.