പതിമൂന്നാം വയസില്‍ ഐ.പി.എല്‍ ടീമില്‍, പ്രതിഫലം ഒരു കോടി പത്തുലക്ഷം രൂപ. ഏത് കളിക്കാരനും കൊതിക്കുന്ന സ്വപ്നനേട്ടം കൈവരിച്ചിരിക്കുകയാണ് ബീഹാര്‍ സ്വദേശി വൈഭവ് സൂര്യവംശി. ജിദ്ദയില്‍ നടക്കുന്ന ഐ.പി.എല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് താരത്തെ സ്വന്തമാക്കിയത്. ഇടംകൈയന്‍ ബാറ്ററായ വൈഭവ് സിക്സര്‍ പറത്തുന്ന കാര്യത്തില്‍ അഗ്രഗണ്യനാണ്.
30ലക്ഷം രൂപയായിരുന്നു വൈഭവിന്‍റെ അടിസ്ഥാനവില. നിലവിലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണെയടക്കം കണ്ടെത്തിയ കോച്ച് രാഹുല്‍ ദ്രാവിഡാണ് സൂര്യവംശിയെയും തിരഞ്ഞെടുത്തത്. ചെക്കനെ രാജസ്ഥാന്‍ ചുമ്മാതങ്ങ് എടുത്തതല്ല. പതിമൂന്നുകാരനുവേണ്ടി രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ വാശിയേറിയ ലേലം വിളിതന്നെ നടന്നു.
വൈഭവ് സൂര്യവംശിയെ സ്വന്തമാക്കിയശേഷം രാജസ്ഥാന്‍ റോയല്‍സ് എക്സില്‍ ഇങ്ങനെ കുറിച്ചതിങ്ങനെയാണ്. 'പതിമൂന്നുകാരന്‍ വൈഭവ് സൂര്യവംശി, ഐ.പി.എല്ലിലേക്ക്...'
2023-2024 രഞ്ജി ട്രോഫിയില്‍ ബിഹാറിനായാണ് വൈഭവിന്‍റെ ക്രിക്കറ്റ് അരങ്ങേറ്റം. അതും 12 വയസും 284 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍. അതൊരു റെക്കോര്‍ഡായിരുന്നു.15 വയസും 57 ദിവസവും പ്രായമുള്ളപ്പോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് സിങും 15 വയസും 130 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും പിന്നിലാക്കിയായിരുന്നു ആ അരങ്ങേറ്റം. വൈഭവ് ക്രിക്കറ്റ് വിദഗ്ധരുടെ കണ്ണില്‍പ്പെടുന്നത് ഓസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ നടന്ന ടെസ്റ്റ് സീരിസിലെ പ്രകടനം കൊണ്ടാണ്. 62 ബോളില്‍ നിന്നും ചെക്കന്‍ അടിച്ചെടുത്തത് 104 റണ്‍സാണ്.
സഞ്ജുവിനും യശസ്വി ജയ്സ്വാളിനും ശേഷം ഇന്ത്യന്‍ ടീമിലേക്ക് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുള്ള സംഭാവനയാവുമോയെന്ന് കണ്ടറിയാം.