ഡി. ഗുകേഷെന്ന പതിനെട്ടുകാരന്‍ ലോക ചെസ് ചാംപ്യനായതിന്‍റെ സന്തോഷം രാജ്യമൊന്നാകെ ആഘോഷിക്കുകയാണ്. ആ ആഘോഷത്തില്‍ പങ്കുചേരുകയാണ് പ്രമുഖ ബിസിനസുകാരനായ ആനന്ദ് മഹീന്ദ്രയും. ഗുകേഷിന്‍റെ ചരിത്ര വിജയം , സ്റ്റൈല്‍ മന്നന്‍റെ 'മനസിലായോ..' ഡാന്‍സിന്‍റെ അകമ്പടിയോടെയാണ് ആനന്ദ് മഹീന്ദ്ര ആഘോഷിച്ചത്. രാജ്യം മുഴുവന്‍ ഈ ആനന്ദനൃത്തത്തിനൊപ്പം എന്നായിരുന്നു അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. വിഡിയോയില്‍ കുടുംബത്തിനൊപ്പം 'മനസിലായോ'യ്ക്ക് ചുവട് വയ്ക്കുന്ന ഗുകേഷിനെ കാണാം. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഗുകേഷ് ഈ നൃത്ത വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. 'മനസിലായോ.. കുടുംബ സുഹൃത്തുക്കള്‍ക്കൊപ്പം.. ഇത് എപ്പടി ഇറുക്ക്?' എന്നായിരുന്നു ഗുകേഷ് കുറിച്ചത്. Also Read: ദൈവത്തിന് നന്ദി, പിന്നാലെ ചെസ് ബോർഡിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ‘ഗുകേഷ്’
ലക്ഷക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഗുകേഷിന്‍റെ നേട്ടത്തില്‍ സന്തോഷം പങ്കിട്ടത്. രാജ്യത്തിനും ചെസിനും ഒരുപോലെ അഭിമാന നിമിഷമാണിതെന്നും ചരിത്രമാണ് ഗുകേഷ് കുറിച്ചതെന്നും പലരും അഭിനന്ദനക്കുറിപ്പുകള്‍ എഴുതി. ഈ നേട്ടത്തില്‍ അഭിമാനപൂര്‍വം പങ്കുചേരുന്നുവെന്നും, നിങ്ങള്‍ ഞങ്ങളുടെയെല്ലാം സന്തോഷമാണെന്നും മറ്റൊരാള്‍ കുറിച്ചു. Read More: ലോക ചെസ് കിരീടം: ഗുകേഷിന് എത്ര തുക കിട്ടും സമ്മാനം?
ജയത്തോട് വളരെ വൈകാരികമായാണ് ഗുകേഷ് പ്രതികരിച്ചത്. ട്രോഫി ഇത്ര അടുത്ത് കാണുന്നത് ആദ്യമാണ്. തൊട്ടുനോക്കാന്‍ തോന്നുന്നില്ല, സമാപനച്ചടങ്ങില്‍ ഞാനത് ഉയര്‍ത്തിക്കാട്ടുമെന്നായിരുന്നു ഗുകേഷിന്‍റെ ആദ്യ പ്രതികരണം. ആറാം വയസ് മുതല്‍ ഞാന്‍ കാണുന്ന സ്വപ്നമായിരുന്നു ഇത്. ഇതിലാണ് ജീവിച്ചതും. എല്ലാ ചെസ് താരങ്ങളുടെയും സ്വപ്നനിമിഷമാണിത്. സ്വപ്ന സാക്ഷാത്കാരമാണിത് എന്നും ഗുകേഷ് കൂട്ടിച്ചേര്‍ത്തു. പൊട്ടിക്കരഞ്ഞായിരുന്നു ജയം ഉറപ്പിച്ച ഗുകേഷ് സന്തോഷം പ്രകടിപ്പിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാംപ്യനെന്ന നേട്ടമാണ് ഗുകേഷ് സ്വന്തം പേരിലാക്കിയത്.