കറുപ്പും വെളുപ്പും ഇടകലര്‍ന്ന 64 സമചതുരക്കളങ്ങള്‍. അതില്‍ രാജാവിന് സുരക്ഷ തീര്‍ക്കുന്ന ആന, കുതിര, കാലാള്‍പ്പട. നേര്‍വരയിലോടുന്ന തേരുകള്‍. സര്‍വശക്തനായ മന്ത്രി. ചെസ് ഒരു യുദ്ധമാണ്. തലച്ചോറുകൊണ്ടുള്ള പോരാട്ടം. പല യുഗങ്ങള്‍ കടന്ന് എഐ കാലത്തെത്തിയപ്പോഴും ചെസ് മനുഷ്യബുദ്ധിയുടെ കളിയാണ്. അവിടെ പതിറ്റാണ്ടിനുശേഷം ഇന്ത്യയുടെ യുവരാജാവ് അശ്വമേധം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഗുകേഷ് ദൊമ്മരാജുവെന്ന പുതിയ ലോക ചാംപ്യന്‍. ചൂതിലും ചതുരംഗത്തിലും സാമ്രാജ്യങ്ങള്‍ തകരുന്നതിനൊപ്പം അപവാദങ്ങളും കോട്ടകെട്ടും. പുരാണങ്ങള്‍ സാക്ഷ്യം. ഗുകേഷിന്റെ വിജയത്തിന്റെ നിറം കെടുത്താനും അത്തരം കാലാള്‍ നീക്കങ്ങളുണ്ടായി.
18 വയസുള്ള ഒരു ഇന്ത്യന്‍ യുവാവ് ലോക ചെസ് കിരീടം നേടിയത് ചരിത്രമായി. അത് ലോക മാധ്യമങ്ങളില്‍ തലക്കെട്ടുകളായി. ആഗോള ടൈറ്റിലുകള്‍ നേടാന്‍തക്ക മികച്ച തലച്ചോറുകള്‍ ഇന്ത്യ വാര്‍ത്തെടുക്കുന്നുവെന്ന് അവര്‍ ഉറക്കെ പറഞ്ഞു. പിന്നാലെ കുറേപ്പേര്‍ കിരീടം നേടിയവന്റെ പിറകെ കൂടി. ഗുകേഷിന്റെ നീക്കങ്ങള്‍ നിലവാരമില്ലാത്തതെന്നും ലോകചാംപ്യനായിരുന്ന ഡിങ് ലിറന്‍ തോറ്റു കൊടുത്തതാണെന്നും വരെയായി ചെസ് തലതൊട്ടപ്പന്‍മാരുടെ പ്രസ്താവനകള്‍.
സത്യത്തില്‍ എന്താണ് ഈ വിവാദത്തിനു പിന്നില്‍ ? വിവാദം സൃഷ്ടിച്ചതാരാണെന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ആദ്യത്തെ വിവാദ പ്രസ്താവന വന്നത് ചെസ് മാന്ത്രികന്‍ എന്ന വിശേഷണം ഏറെക്കാലം തലയില്‍ പേറിയ സാക്ഷാല്‍ ഗാരി കാസ്‌പറോവില്‍ നിന്നായിരുന്നു. കാസ്പറോവ് ആയിരുന്നു ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാംപ്യന്‍. ഗുകേഷ് കിരീടമണിഞ്ഞ നിമിഷം വരെ.
തീരെ പ്രായം കുറഞ്ഞ താരം മത്സരിക്കുമ്പോള്‍ ശ്രദ്ധ മുഴുവന്‍ അയാളിലാകുമെന്നത് പുതിയ കാര്യമല്ല. ഇയാള്‍ പ്രായത്തിന്‍റെ റെക്കോര്‍ഡ് തിരുത്തുമോ എന്നൊക്കെ ചോദ്യമുയരും. ഇവിടെയും അത്തരം വിലയിരുത്തലുകള്‍ വന്നു. ഡിങ് ലിറന്‍ ലോക ചാംപ്യനാണെങ്കിലും ഒരു വര്‍ഷത്തിലേറെയായി ഫോം തീരെ മോശമായിരുന്നു. ഗുകേഷിന്റേതാകട്ടെ ഓരോ ടൂര്‍ണമെന്‍റ് കഴിയുന്തോറും മിന്നുന്ന ഫോമിലും. 2022ല്‍ മഹാബലിപുരത്തു നടന്ന ചെസ് ഒളിംപ്യാഡ് മുതല്‍ പീക്ക് ലെവല്‍ പെര്‍ഫോമന്‍സ് ആണ് ഗുകേഷിന്‍റേത്. ഒളിംപ്യാഡില്‍ വ്യക്തിഗത മെഡല്‍ നേടി. 2024 ഒളിംപ്യാഡിലും ഇന്ത്യക്ക് വേണ്ടി നേട്ടം കൊയ്തു. അതുകൊണ്ടുതന്നെ റെക്കോര്‍ഡുകള്‍ കടപുഴകും എന്ന തോന്നല്‍ കാസ്പറോവിനുണ്ടായിരുന്നിരിക്കാം. ഗുകേഷിനെതിരെ ഏറ്റവും കടുത്ത വാക്കുകള്‍ പ്രയോഗിച്ചത് മുന്‍ ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സന്‍ ആണ്. ലോകചാംപ്യന്‍ഷിപ്പിലെ മല്‍സരനിലവാരത്തെയാണ് കാള്‍സനും പിന്നാലെ വ്ലാദിമിര്‍ ക്രാംനിക്കും കണക്കറ്റ് പരിഹസിച്ചത്.
ഗുകേഷ് വിരുദ്ധരെയും വിമര്‍ശകരെയും നോക്കിയാല്‍ മറ്റൊരു കൗതുകം കാണാം. ഏറെയും റഷ്യക്കാര്‍. അരനൂറ്റാണ്ട് പിന്നിലേക്ക് നോക്കിയാല്‍ കാരണമറിയാം.. 1975 മുതലിങ്ങോട്ട് ചതുരംഗക്കളം നിറഞ്ഞു കളിച്ചത് റഷ്യക്കാരായിരുന്നു. 1975 മുതല്‍ 85 വരെ അനറ്റൊലി കാര്‍പോവ്. 1985 മുതല്‍ 2000 വരെ ഗാരി കാസ്പറോവ്. 2000 മുതല്‍ 2007 വരെ ക്രാംനിക്. പിന്നീടാണ് വിശ്വനാഥന്‍ ആനന്ദ് കളംപിടിച്ചത്. 2013ല്‍ റഷ്യന്‍ അനുഭാവിയായ നോര്‍വേക്കാരന്‍ മാഗ്നസ് കാള്‍സണ്‍. അവിടെ നിന്ന് കിരീടം തിരികെ ഇന്ത്യയില്‍ എത്തുന്നത് ഇവര്‍ക്കെല്ലാം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്നാണ് ഇന്ത്യന്‍ ചെസ് വിദഗ്ധരുടെ അനുമാനം.
ഒരു ഗുകേഷില്‍ തീരുന്നില്ല കാര്യങ്ങളും കാരണങ്ങളും. ഒളിംപ്യാഡില്‍ ഇന്ത്യയുടെ വനിതാതാരങ്ങളും പുരുഷതാരങ്ങളും ചരിത്രം സൃഷ്ടിച്ചു. ചെസ്ബോര്‍ഡില്‍ അല്‍ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഒരുകൂട്ടം യുവാക്കള്‍ ഇപ്പോള്‍ നമ്മുടെ കയ്യിലുണ്ട് എന്നത് വാസ്തവം. ഒരു കാലത്ത് റഷ്യ അഹങ്കരിച്ചിരുന്ന ടാലന്‍റ് പൂള്‍. ഇന്ന് ഗുകേഷ്, അര്‍ജുന്‍ എറിഗയ്സി, കാള്‍സണെ പല തവണ തറപറ്റിച്ച പ്രഗ്യാനന്ദ, നിഹാല്‍ സരിന്‍, അങ്ങനെ നീളുന്നു ആ നിര. ലോകകിരീടവും ആധിപത്യവും നഷ്ടപ്പെടുന്നത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് ഇനിയും സമയമെടുത്തേക്കും.
ഡിങ് ലിറന് തെറ്റുപറ്റിയതുകൊണ്ടാണ് ഗുകേഷ് ജയിച്ചത് എന്നാണ് മറ്റൊരു കണ്ടെത്തല്‍. എന്തൊരു മോശം വ്യാഖ്യാനമാണത്? ഏതുമത്സരത്തിലും ഒരാള്‍ക്ക് പിഴയ്ക്കുമ്പോഴല്ലേ എതിരാളി ജയിക്കുന്നത്? ഗുകേഷും ഡിങ് ലിറനും ഫൈറ്റ് ചെയ്തു. ഒടുവില്‍ ഒരാള്‍ക്ക് പിഴച്ചു , എതിരാളി വിജയിയായി. 2013ലെ മത്സരം നോക്കിയാല്‍ ആനന്ദിനു ജയിക്കാന്‍ പറ്റിയ പൊസിഷനുകളൊന്നും അദ്ദേഹത്തിനു കണ്‍വേര്‍ട്ട് ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ കാള്‍സണ്‍ ജയിച്ചു. ഇതാണ് എല്ലാ മത്സരങ്ങളിലും നടക്കുന്നത്. അപക്വമായ പ്രസ്താവനകള്‍ വിവാദമായതോടെ കാസ്‌പറോവ് തിരുത്തി. ഫൈനലിലെ സമ്മര്‍ദ്ദത്തില്‍ ആര്‍ക്കും തെറ്റുപറ്റാമെന്നും തനിക്കും തെറ്റുപറ്റിയിട്ടുണ്ടെന്നും അദ്ദേഹം മലക്കംമറിഞ്ഞു. ഡ്രോ തുടര്‍ന്ന് ഡിങ് ലിറന് പിഴവ് പറ്റുംവരെ കാത്തിരിക്കാനുള്ള ഗുകേഷിന്റെ ക്വാളിറ്റിയാണ് ചാംപ്യന്‍പട്ടം നേടിക്കൊടുത്തതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വിശ്വനാഥന്‍ ആനന്ദ് ആണ് ഇന്ത്യയിലെ ചെസിന് ശ്വാസം നല്‍കിയത്. ആനന്ദിന്‍റെ ലോകവിജയങ്ങള്‍ക്കൊപ്പം ചെസ് തമിഴ്നാടിന്‍റെ വികാരമായും മാറി. സര്‍ക്കാരിന്റെ പിന്തുണയും ചെസിന് തമിഴ്നാട്ടില്‍ കളം നിറഞ്ഞാടാന്‍ അവസരമൊരുക്കുന്നു. തെലുഗു വംശജനായ ഗുകേഷിന്റെയും പോറ്റമ്മ തമിഴകമാണ്.
എഡി ആറാം നൂറ്റാണ്ടില്‍ ഗുപ്തസാമ്രാജ്യത്തില്‍ രൂപംകൊണ്ട ചതുരംഗമാണ് ശത്‍രഞ്ജ് ആയും പിന്നീട് പേര്‍ഷ്യ വഴി യൂറോപ്പിലെത്തി ചെസ് ആയും മാറിയത് എന്നാണ് ചരിത്രം. പുരാണകാലത്തെ ചതുരംഗം ഒരുപാട് വാഗ്വാദങ്ങള്‍ക്കും വാതുവയ്പ്പുകള്‍ക്കും വിവാദങ്ങള്‍ക്കും വേദിയൊരുക്കി. ആ ചരിത്രമാകണം പല രീതിയില്‍, പല തോതില്‍ ഇന്നും ആവര്‍ത്തിക്കുന്നത്. പക്ഷേ ചെസിന്‍റെ ജന്മനാടായ ഇന്ത്യയില്‍ അതിന്‍റെ ജനപ്രീതിയും പിന്തുണയും എന്നത്തെക്കാളും ഉയരങ്ങളിലാണ്. നെറ്റ്ഫ്ലിക്സില്‍ ‘ക്യൂന്‍സ് ഗാംബിറ്റ്’ എന്ന സീരിസ് റിലീസ് ചെയ്തതിനുപിന്നാലെ ഇന്ത്യയില്‍ ചെസ് ബോര്‍ഡുകളുടെ വില്‍പന 300 ശതമാനമാണ് വര്‍ധിച്ചത്. ഗുകേഷിന്‍റെ വിജയത്തോടെ അത് എവിടെയെത്തുമെന്ന് അനുമാനിക്കാവുന്നതേയുള്ളു.