ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിനു പിന്നാലെ ചെസ് ബോർഡിനു മുന്നിൽ ആനന്ദക്കണ്ണീരൊഴുക്കി ഇന്ത്യയുടെ അഭിമാന താരം ഡി. ഗുകേഷ്. വിജയമുറപ്പിച്ചതോടെ രണ്ടു കൈകൾകൊണ്ടും മുഖം അമർത്തിപ്പിടിച്ചാണ് ഗുകേഷ് കരഞ്ഞത്. മത്സരശേഷം ഒഫീഷ്യൽസ് ഷെയ്ക് ഹാൻഡ് നൽകുന്നതിനിടെയും ഗുകേഷിന് വിജയം നൽകിയ വൈകാരിക നിമിഷങ്ങൾ നിയന്ത്രിക്കാനായില്ല. Also Read : ലോക ചെസ് കിരീടം ഇന്ത്യയുടെ ഡി.ഗുകേഷിന്; നേട്ടം ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ച്
'ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷ'മെന്നാണ് ലോക ചെസ് കിരീടവിജയത്തെ ഡി. ഗുകേഷ് വിശേഷിപ്പിച്ചത്. ഡിങ് ലിറന്‍ പരാജയം സമ്മതിച്ചതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനായി പുതുചരിത്രമെഴുതിയ ഗുകേഷ് തന്റെ വിജയനിമിഷത്തില്‍ വികാരാധീനനായി വിതുമ്പി. പിന്നീട് ഈശ്വരന് നന്ദി പറഞ്ഞു. സമനിലയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന മത്സരം ഡിങ് ലിറെന്റെ നീക്കത്തോടെയാണ് ഗുകേഷിന് അനുകൂലമായത്. ആ അവസരം ബുദ്ധിപരമായി കൈകാര്യം ചെയ്യാനായത് ഗുകേഷ് എന്ന ജീനിയസിന്റെ ബൗദ്ധികനിലവാരം വ്യക്തമാക്കുന്നു. തന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഗുകേഷിന്റെ പ്രതികരണം.
മത്സര വേദിയിൽനിന്നു പുറത്തിറങ്ങിയ ഗുകേഷ് നേരെ പോയത് പിതാവ് ഡോ. രജനീകാന്തിന്റെ അടുത്തേക്കാണ്. പിതാവിനെ കെട്ടിപ്പിടിച്ച് വിജയമാഘോഷിക്കുന്ന ഗുകേഷിനെ മാധ്യമസംഘവും പൊതിഞ്ഞു. മകന്റെ മുതുകിൽ തട്ടിയും മുടിയിൽ തലോടിയുമാണ് പിതാവ് അഭിനന്ദിച്ചത്. പിന്നീട് പരിശീലകരെ കെട്ടിപ്പിടിച്ചപ്പോഴും ഗുകേഷ് പൊട്ടിക്കരഞ്ഞു.