കാഴ്ചശക്തിയുള്ളവരോട് മനസാന്നിധ്യത്തിന്‍റെ കരുത്തില്‍ കരുക്കള്‍ നീക്കി മല്‍സരിച്ച് കാഴ്ച പരിമിതിയുള്ള കുട്ടികള്‍. സമഗ്രശിക്ഷാ കേരളത്തിന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച ചെസ് ചാമ്പ്യന്‍ഷിപ്പാണ് കണ്ടുനിന്നവരെ ഞെട്ടിച്ചത്. കണ്ണുകാണാവുന്നവരോട് മല്‍സരിച്ച് രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കിയതും കാഴ്ചപരിമിതരായ കുട്ടികളാണ്.
ഭിന്നശേഷി മാസാചരണത്തിന്‍റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഫിഡേ അന്തര്‍ദേശീയ റേറ്റിങ്ങുള്ള അഞ്ച് താരങ്ങള്‍. കാഴ്ചാപരിമിതരിലെ ഏക വനിതാ മത്സരാര്‍ഥി ആയിഷ സൈനബയും ശരണ്‍ബാബു, ആല്‍വിന്‍ പ്രദീപ്, മുസ്തഫ, മുഹമ്മദ് റാനിഷ് എന്നിവരുമാണ് ശ്രദ്ധാകേന്ദ്രങ്ങളായ അഞ്ചുപേര്‍. ആയിഷയും ശരണ്‍ബാബുവുമാണ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. പരിമിതിക്കിടയിലും പ്രചോദനമാണ് മല്‍സരമെന്ന് റാനിഷ് പറയുന്നു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി പങ്കെടുത്തത് മുപ്പതോളം ഭിന്നശേഷിക്കാരായ പങ്കെടുക്കാനെത്തി.
ചതുരംഗക്കളിയുടെ നിറമോ, രൂപമോ, കരുക്കളെങ്ങനെയെന്നോ കാണാനാവാത്ത ഒരുകൂട്ടം കുട്ടികള്‍. ചതുരംഗപ്പലക മനസില്‍ കണ്ട് കരുക്കളെ തൊട്ടറിഞ്ഞ്, കളങ്ങളിലൂടെ തമ്മില്‍ മുട്ടാതെ അവര്‍ ഓരോരുത്തരും ചതുരപ്പലകയില്‍ വിരലുകളോടിച്ചു.കാഴ്ചയുള്ളവര്‍ പോലും അതിശയിക്കുന്ന വേഗത്തില്‍. തികഞ്ഞ ഏകാഗ്രതയും ബുദ്ധിശക്തിയും വേണ്ട ചെസ് മത്സരത്തില്‍ തങ്ങളൊട്ടും പിന്നിലല്ലെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചുകാണിക്കുകയാണ് ഇവര്‍.
കൃത്യമായ പരിശീലനമുണ്ടെങ്കില്‍ പരിമിതിയൊരു പ്രയാസമേയല്ല എന്ന് തെളിയിക്കുകയാണ് ഈ പ്രതിഭകള്‍. സമഗ്രശിക്ഷാ കേരളത്തിനൊപ്പം മാടായി ബ്ലോക്ക് റിസോഴ്സ് സെന്‍റര്‍, പഴയങ്ങാടി റോട്ടറി ക്ലബ്, കേരള ചെസ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍റ് എന്നീ സംഘടനകളും മത്സരത്തില്‍ നേതൃത്വം വഹിച്ചു.