ലോക ചെസ് ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണ്‍ വിവാഹിതനാകുന്നു. കാമുകി എല്ല വിക്ടോറിയ മലോണാണ് വധു. നോര്‍വെയിലെ മാധ്യമങ്ങളാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം, വിവാഹത്തീയതിയോ സ്ഥലമോ ഇരുവരും പുറത്തുവിട്ടിട്ടില്ല. തികച്ചും സ്വകാര്യമായ ചടങ്ങായിരിക്കുമെന്നും ഏറ്റവും സമാധാനപരമായി നടത്താനാണ് ഇരുവരും താല്‍പര്യപ്പെടുന്നതെന്ന് കുടുംബ സുഹൃത്ത് വെളിപ്പെടുത്തി. വിവാഹം ഈ ആഴ്ച അവസാനത്തോടെ ഉണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാള്‍സണിന്‍റെ പ്രതിശ്രുതവധുവായ മലോണ്‍ സമൂഹമാധ്യമങ്ങളില്‍ സജീവമല്ല. പക്ഷേ കാള്‍സണൊപ്പം മിക്ക ചെസ് മല്‍സരങ്ങളിലും ചടങ്ങുകളിലും എത്താറുണ്ട്. മലോണിന്‍റെ പിതാവ് അമേരിക്കന്‍ പൗരനും അമ്മ നോര്‍വിജിയക്കാരിയുമാണെന്ന് മുന്‍ ചെസ് താരമായ ഡേവിഡ് നതാസിയോ വെളിപ്പെടുത്തി. ഓസ്ലോയിലാണ് മലോണ്‍ പഠിച്ചു വളര്‍ന്നത്.
ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം ആദ്യമായി പങ്കിടുകയെന്ന അപൂര്‍വയിലും ഡിസംബര്‍ 31ന് കാള്‍സണ്‍ ഭാഗമായി. കാള്‍സണിന്‍റെ എട്ടാം ബ്ലിറ്റ്സ് കിരീടമാണിത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കാള്‍സണാണ് കിരീടം പങ്കിട്ടാലോ എന്ന ആശയം ഇയാന്‍ നെപോമ്നിച്ചിയുമായി പങ്കുവച്ചത്. നെപോമ്നിച്ചി അംഗീകരിച്ചതോടെ ചെസില്‍ പുതുചരിത്രം പിറക്കുകയായിരുന്നു. സഡന്‍ ഡെത്തില്‍ മൂന്ന് തവണ സമനില വന്നതിന് പിന്നാലെയായിരുന്നു കള്‍സണിന്‍റെ ഈ നീക്കം. തുടക്കത്തില്‍ രണ്ട് ജയവുമായി ഫൈനലില്‍ ആദ്യം ആധിപത്യം നേടിയ കാള്‍സണ് ഒരു സമനില പിടിച്ചാല്‍ വിജയം സ്വന്തമാക്കാമായിരുന്നു. എന്നാല്‍ നെപോമ്നിച്ചി അസാധാരണ പോരാട്ടം പുറത്തെടുത്തതോടെ കളി മാറുകയായിരുന്നു.