TOPICS COVERED

ഫോട്ടോസ് ആപ്പ് വഴി ഉപയോക്താക്കളുടെ ഫോട്ടോകൾ അനുവാദമില്ലാതെ ആപ്പിൾ ശേഖരിക്കുന്നുവെന്ന് ആരോപണം. ഉപയോക്താക്കളുടെ നേരിട്ടുള്ള സമ്മതത്തോടെയല്ല ‍‍ഡേറ്റ (ഫോട്ടോ) ശേഖരണമെന്ന് ഡെവലപ്പർ ജെഫ് ജോൺസൺ പറയുന്നു. ഐഫോണിലെ  ‘നവീകരിച്ച വിഷ്വൽ സെര്‍ച്ച്’ (Enhanced Visual Search) ഫീച്ചറിന്‍റെ ഭാഗമായാണ് ഈ വിവരശേഖരണം. ഇതുവഴി ലാൻഡ്മാർക്ക് ഐഡന്‍റിഫിക്കേഷൻ സാധ്യമാകുന്നു. ഡേറ്റ പങ്കിടല്‍ അനുവദിച്ചാലേ ഈ ഫീച്ചർ (Enhanced Visual Search) ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് ജെഫ് ജോൺസൺ ചൂണ്ടിക്കാട്ടുന്നത്.

ഐഒഎസ് 18 ൽ ഫോട്ടോസ് ആപ്പ് സെറ്റിങ്സിൽ എന്‍ഹാന്‍സ്ഡ് വിഷ്വല്‍ സെര്‍ച്ച് തനിയേ എനേബിൾഡ് ആയിരിക്കും. ഐഒഎസ് സെറ്റിങ്സിലൂടെയോ  Mac's Photos ആപ്പ് സെറ്റിങ്സിലൂടെയോ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഈ ഫീച്ചർ, ഉപയോക്താക്കളുടെ ഫോട്ടോകളിലെ ലാൻഡ്‌മാർക്കുകൾ തിരിച്ചറിയാനും, ആ ലാൻഡ്‌മാർക്കിലുള്ള പേരുകൾ ഉപയോഗിച്ച് ചിത്രങ്ങൾ തിരയാനും സാധിക്കും. Read Also: ചാറ്റ് ജിപിടിയോടും എഐയോടും ഒരിക്കലും ഈ ഏഴ് കാര്യങ്ങൾ ചോദിക്കരുത്; മുന്നറിയിപ്പ്

ഐഒഎസ് 18-ൽ അവതരിപ്പിച്ച വിഷ്വൽ ലുക്ക് അപ്പ് സാങ്കേതികവിദ്യയുടെ വിപുലീകരണമായാണ് ഈ ഫീച്ചർ കാണപ്പെടുന്നതെങ്കിലും ഡേറ്റ പങ്കിടലിൽ കാര്യമായ വ്യത്യാസമുണ്ട്. പൂർണമായും ഫോണില്‍ പ്രവർത്തിക്കുന്ന വിഷ്വൽ ലുക്ക് അപ്പിൽ നിന്ന് വ്യത്യസ്തമായി, എന്‍ഹാന്‍സ്ഡ് വിഷ്വല്‍ സെര്‍ച്ചില്‍ എൻക്രിപ്റ്റ് ചെയ്ത "വെക്റ്റർ എംബെഡുകൾ" (വാക്കുകളും വാക്യങ്ങളും ഡേറ്റയും അവയുടെ അർത്ഥവും ബന്ധങ്ങളും കണ്ടെത്തി സംഖ്യകളാക്കി മാറ്റുന്ന രീതി) ആക്കി ലാൻഡ്മാർക്ക് തിരിച്ചറിയുന്നതിനായി ആപ്പിള്‍ സെർവറുകളിലേക്ക് അയയ്ക്കുന്നു.

ആപ്പിളിന്‍റെ മെഷീൻ ലേണിംഗ് റിസർച്ച് ബ്ലോഗ് അനുസരിച്ച്, ലാൻഡ്‌മാർക്കുകൾ അടങ്ങുന്ന "താൽപ്പര്യമുള്ള മേഖലകൾ" (regions of interest) കണ്ടെത്തുന്നതിനുള്ള വിശകലനത്തോടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. ഫോട്ടോകളിലുള്ള സ്ഥലങ്ങള്‍ എൻക്രിപ്റ്റ് ചെയ്യുന്നതിന് മുമ്പ് വെക്റ്റർ എംബെഡുകളായി പരിവർത്തനം ചെയ്യപ്പെടുകയും ആപ്പിളിന്‍റെ ആഗോള ലാൻഡ്മാർക്ക് ഡാറ്റാബേസുമായി താരതമ്യപ്പെടുത്തുന്നതിന് അയയ്ക്കുകയും ചെയ്യുന്നു.

ഡാറ്റാ എൻക്രിപ്ഷനും കണ്ടൻസ്ഡ് ഇമേജ് ഫോർമാറ്റിംഗും ഉൾപ്പെടെയുള്ള സ്വകാര്യതാ നടപടികൾ ആപ്പിൾ നടപ്പിലാക്കിയെങ്കിലും ഈ ഡേറ്റ പങ്കിടൽ സാങ്കേതികവിദ്യ ഡിഫോൾട്ട് സെറ്റിങ്ങായി നൽകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇതില്‍ കമ്പനിയുടെ സമീപനം സിരി ഇന്‍ററാക്ഷനുകളും അനലിറ്റിക്‌സും പോലുള്ള ഡേറ്റാ ശേഖരണ രീതികളില്‍ നിന്ന് വ്യത്യസ്‌തമാണ്. ഉപഭോക്താവിന് ഈ ഫീച്ചര്‍ എനേബിള്‍ ചെയ്യണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ആപ്പിൾ നൽകുന്നില്ല. 

സ്വകാര്യത ഹനിക്കുന്നതുസംബന്ധിച്ച ആശങ്കകളെക്കുറിച്ച് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉപയോക്താക്കൾക്ക് അവരുടെ ഐഒഎസ് സെറ്റിങ്സിലോ മാക് ഫോട്ടോസ് ആപ്പ് സെറ്റിങ്സിലോ ഈ വിവരംകൈമാറൽ സ്വമേധയാ പ്രവർത്തനരഹിതമാക്കാനാകും എന്നത് മാത്രമാണ് പ്രതിവിധി. അത് മിക്കവര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

ENGLISH SUMMARY:

Apple Allegedly Collects Private Photo Data From iPhones With iOS 18