ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജോലി പുരോഗമിക്കുന്നു.

TOPICS COVERED

മൈതാനങ്ങള്‍  സമയബന്ധിതമായി  ഐസിസിക്ക്  കൈമാറിയില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക്  ആതിഥേയത്വം വഹിക്കാനുള്ള അവസരം  പാകിസ്ഥാന് നഷ്ടമായേക്കും.  മല്‍സരങ്ങള്‍  തുടങ്ങാന്‍  ഒരുമാസം മാത്രം അവശേിഷിക്കെ പാകിസ്ഥാില്‍ ഒരുക്കങ്ങളിനിയും എങ്ങുമെത്തിയിട്ടില്ല.   കറാച്ചി നാഷണല്‍ സ്റ്റേഡിയം, ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയം , റാവില്‍പ്പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരം നടക്കേണ്ടത്. 

ഈ മൂന്ന് വേദികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച നവീകരണം  ഡിസംബര്‍ 31 ന് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കയ്യില്‍ നിന്നില്ല. ഫെബ്രുവരി 12 നാണ് മൈതാനങ്ങള്‍ ഐസിസിക്ക് കൈമാറേണ്ട അവസാന തീയതി. 

ഈ ആഴ്ച അവസാനത്തോടെ ഐസിസി സംഘം പുരോഗതി  വിലയിരുത്താന്‍ പാകിസ്ഥാനിലെത്തുമെന്നാണ് വിവരം. അറ്റകുറ്റപണിക്ക് പകരം മൂന്ന് മൈതാനങ്ങളിലും പൂര്‍ണമായ നിര്‍മാണമാണ് നടന്നുവരുന്നത്. സീറ്റ്, ഫ്ലെഡ്‍ലൈറ്റ്, സൗകര്യങ്ങള്‍, പിച്ച്  എന്നിവ പൂര്‍ത്തീകരിക്കാന്‍ ഇനിയും സമയം വേണ്ടിവരുമന്നാണ് വിലയിരുത്തല്‍.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും കറാച്ചി സ്റ്റേഡിയത്തിലുമാണ് കാര്യമായ അറ്റകുറ്റപണികള്‍ ബാക്കിയുള്ളത്. ഡ്രസിങ് റൂം, ഹോസ്പ്പിറ്റാലിറ്റി ബോക്സ് എന്നിവയുടെ നവീകരണം പാതിവഴി പിന്നിട്ടതേയുള്ളൂ. 

സെമി ഫൈനല്‍ അടക്കം പ്രധാന  മത്സരങ്ങള്‍ നടക്കേണ്ടത് ഗദ്ദാഫി സ്റ്റേഡിയത്തിലാണ്. ഇവിടെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്  എത്തിയിട്ടില്ല.  കാലാവസ്ഥ ജോലികളെ കാര്യമായി ബാധിക്കുന്നുമുണ്ട്. 

കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പ് നടന്ന  യുഎസ്   മൈതാനങ്ങളിലെ അസൗകര്യങ്ങളില്‍  ഐസിസി ആശങ്കപ്രകടിപ്പിച്ചിരുന്നു, ഇത്തരമൊരു സാഹചര്യത്തിലേക്ക് കടക്കാന്‍ ക്രിക്കറ്റ് കൗണ്‍സില്‍ താല്‍പര്യപ്പെടില്ലെന്നാണ് റിപ്പോര്‍ട്ട്. പറഞ്ഞ സമയത്ത് പാക് ക്രിക്കറ്റ് ബോര്‍ഡിന് മൈതാനങ്ങള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ടൂര്‍ണമെന്‍റ് പൂര്‍ണമായും യുഎഇയിലേക്ക് മാറ്റുന്നതിനെ പറ്റി ചര്‍ച്ച നടക്കുമെന്നാണ് വിവരം. അടുത്താഴ്ച ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കും. 

"സമയപരിധിക്കുള്ളില്‍ ഐസിസി നിഷ്കര്‍ഷിക്കുന്ന തരത്തില്‍ മൈതാനം ഒരുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭാവി കാര്യങ്ങള്‍ തീരുമാനം. പാതിവെന്ത മൈതാനത്ത് ടൂർണമെൻ്റ് കളിക്കാൻ കഴിയില്ല എന്നാണ് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ENGLISH SUMMARY:

Construction activities are ongoing at three venues, which were supposed to be completed by December 31 last year, after starting in August. However, the situation is not entirely in the hands of the Pakistan Cricket Board. The final deadline for handing over the venues to the ICC is February 12.