റോളർ സ്പോർട്സിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകി വൈക്കത്തെ ഒരു സർക്കാർ സ്കൂൾ.സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇൻഡ്യയുടെ മുൻ കോച്ച് കൂടിയായിരുന്ന ജോമോൻ ജേക്കബാണ് വൈക്കം സർക്കാർ ഗേൾസ് ഹൈസ്ക്കൂളിൽ 40 വിദ്യാർത്ഥിനികൾക്ക് പരിശീലനം നൽകുന്നത്..
യുകെജി വിദ്യാർഥിനി മുതൽ പ്ലസ് ടു വിദ്യാർഥിനി വരെ ഉൾപ്പെടുന്ന സംഘം ചുമ്മാ റോളർ സ്‌കേറ്റിങ് മാത്രമല്ല റോളർ സ്പോർട്സിലും മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഒരു മാസത്തെ സ്കേറ്റിങ് പരിശീലനം കഴിഞ്ഞാണ് വിവിധ സ്പോർട്ട്സ് ഇനങ്ങളിലേക്ക് പരിശീലനം കടക്കുന്നത്. റോളർ ഫുട്ബോൾ, റോളർ ഹോക്കി, റോളർ ബാസ്ക്കറ്റ് ബോൾ എന്നീ സ്പോർട്ട്സ് ഇനങ്ങളിലാണ് പരിശീലനം.
വൈക്കത്തെ നാല് സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്കായി രൂപീകരിച്ച വനിത സ്പോർട്ട്സ് അക്കാദമിയുടെ കീഴിലുള്ള ക്യാമ്പിലാണ് പരിശീലനം. ചങ്ങനാശ്ശേരിയിൽ നടന്ന സീനിയർ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വൈക്കം ഗേൾസ് ഹൈസ്കൂൾ കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ പോയൻ്റ് നേടി മികവ് തെളിയിച്ചു.. 1500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലവരും ഒരു സെറ്റ് റോളറിന്. നിലവിൽ വില കുറഞ്ഞ റോളറും സുരക്ഷാ കവചങ്ങളും വാങ്ങിയാണ് കുട്ടികൾ പരിശീലനത്തിന് എത്തുന്നത്..റോളർ സ്പോർട്ട്സിൽ പ്രതീക്ഷയാകുന്ന ഈ കുട്ടികൾക്ക് മുന്നേറാൻ ഇനി വേണ്ടത് സർക്കാരിന്റെയോ സ്പോൺസർമാരുടെയോ സഹായമാണ്