Lewis Hamilton

TOPICS COVERED

നാലാം വയസില്‍ കുഞ്ഞുലൂയിസ് കണ്ട സ്വപ്നം യാഥാര്‍ഥ്യമായത് 40ാം വയസില്‍. ഫെറാറിയുടെ ചുവപ്പണിഞ്ഞ് ഇതിഹാസങ്ങള്‍ക്ക് കവചമൊരുക്കിയ മഞ്ഞ ഹെല്‍മറ്റുമായി SF 23 കാറിലേക്ക് ലൂയിസ് ഹാമില്‍ട്ടനെത്തി. പുതിയ സീസന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കൊണ്ടുള്ള ആദ്യ  പരീക്ഷണഓട്ടത്തിന് വേദിയായി മരനെല്ലോയിലെ  ഫിയൊറാനൊ സര്‍ക്യൂട്ട്. മഞ്ഞുമൂടി കാഴ്ച്ചമറച്ച ട്രാക്കിലൂടെ ഹാമില്‍ട്ടന്റെ ആദ്യ ലാപ്പ്. ഇത്രയും നാള്‍ എതിരാളിയായ നിന്ന ഇതിഹാസമാണ് ഫെറാറിയുടെ ചുവന്നകാറിലെന്ന് വിശ്വാസംവരാതെ ആര്‍ത്തുവിളിച്ച് ആരാധകര്‍ പരീക്ഷണഓട്ടത്തിന് സാക്ഷ്യംവഹിച്ചു. പ്രതിവർഷം ബോണസ് ഉൾപ്പെടെ 815 കോടി രൂപയ്ക്കാണ് ഫെറാറിയുമായി ഹാമില്‍ട്ടന്‍ കരാർ ഒപ്പിട്ടിരിക്കുന്നതെന്നാണ് സൂചന. ടീം ഇനത്തിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഫെറാറി ഇക്കുറി ഹാമിൽട്ടന് യോജിച്ച തരത്തിൽ കാറിൽ മാറ്റങ്ങൾ വരുത്തിയേക്കും.

2007ൽ മക്‌ലാരൻ ടീമിനൊപ്പമാണ് ഹാമിൽട്ടൻ ഫോർമുല വൺ കരിയർ ആരംഭിച്ചത്. ആദ്യ സീസണിൽ രണ്ടാം സ്ഥാനം നേടിയ ഹാമിൽട്ടൻ 2008ൽ ലോക ചാംപ്യനായി. അന്നു മുതൽ ഹാമിൽട്ടന്റെ പിന്നാലെയുണ്ട് ഗ്ലാമർ ടീമായ ഫെറാറി. പക്ഷേ 2013ൽ ഹാമിൽട്ടൻ മെഴ്സിഡീസിലേക്കു ചുവടുമാറി. ആറുവട്ടം മെഴ്സിഡീസിനൊപ്പം ഹാമിൽട്ടൻ ലോക ചാംപ്യനായി. ടീം ഇനത്തിൽ 2014 മുതൽ 2021 വരെ തുടർച്ചയായി മെഴ്സിഡീസ് ചാംപ്യന്മാരായതിലും പ്രധാന പങ്ക് ഹാമിൽട്ടന്റേതായിരുന്നു. 2021 സീസൺ മുതൽ റെഡ്ബുളിന്റെയും മാക്സ് വേർസ്റ്റപ്പന്റെയും മുന്നിൽ അടിപതറിയതോടെയാണ് കരാർ അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ നയിച്ചത്.

ഷൂമിയെ മറികടക്കുമോ ഹാമി ?

ഫെറാറിയുടെ ഡ്രൈവറായി ഇറങ്ങുമ്പോൾ ഹാമിൽട്ടൻ ആഗ്രഹിക്കുന്നത് ഒരു ലോക കിരീടം കൂടിയാണ്. 7 ലോകകിരീടങ്ങളുമായി ഇതിഹാസതാരം മൈക്കൽ ഷൂമാക്കർക്ക് ഒപ്പമാണ് ലൂയിസ് ഹാമിൽട്ടൻ. ഫെറാറിയില്‍ ഇക്കുറി ലോക ചാംപ്യനായാൽ ഏറ്റവും കൂടുതൽ എഫ് വൺ കിരീടങ്ങളെന്ന റെക്കോർഡും സ്വന്തമാകും. 2007ല്‍ കിമി റൈക്കണന്‍ കിരീടം നേടിയശേഷം ഒരു ഫെറാറി ഡ്രൈവര്‍ക്കും ഡ്രൈവേഴ്സ് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കാനായിട്ടില്ല. 1990ന് ശേഷം രണ്ടുപേര്‍ക്ക് മാത്രമാണ് ഫെറാറിയില്‍ ലോകംകീഴടക്കാനായത്. 2000 മുതല്‍ 2004 വരെ മൈക്കിള്‍ ഷാമാക്കര്‍ തുടര്‍ച്ചയായി അഞ്ചുവട്ടം ലോകചാംപ്യനായി. ഫെറാറിയുടെ സുവര്‍ണകാലമായിരുന്നു ഷൂമാക്കര്‍ സമ്മാനിച്ചത്. 2007ല്‍ കിമി റൈക്കണനും ഫെറാറിയില്‍ ലോകചാംപ്യനായി. പിന്നീട്  കൈയെത്തും ദൂരെ ഫെര്‍ണാണ്ടോ അലോന്‍സോയ്ക്കും സെബാസ്റ്റ്യന്‍ വെറ്റലിനും കിരീടം നഷ്ടമായി. കഴിഞ്ഞ സീസണില്‍ കണ്‍സ്ട്രക്റ്റേഴ്സ് ചാംപ്യന്‍ഷിപ്പിനായി മക്ലലാരനുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഫെറാറി കാഴ്ചവച്ചത്.  ഷാല്‍ ലെക്ലയറിനൊപ്പം ഹാമില്‍ട്ടന്‍ കൂടിയെത്തുന്നതോടെ പണ്ട് ഷൂമാക്കല്‍ ബാക്കിവച്ചുപോയ സുവര്‍ണകാലം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഫെറാറി 

ENGLISH SUMMARY:

Lewis Hamilton Drives His First Laps As A Ferrari Driver