gambhir-gautam

ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഒരുമിച്ച് കളിക്കുന്ന സമയത്ത് ഗംഭീറുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും അടിയുടെ വക്കിലെത്തിയെന്നും മനോജ് തിവാരി തുറന്നടിച്ചു. 2013 ലെ ഐപിഎല്‍ സീസണിലും 2015 രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കിടയിലും നടന്ന സംഭവങ്ങളെ പറ്റിയാണ് മനോജ് തിവാരി സംസാരിച്ചത്. 

2013 ലെ ഒരു ഐപിഎല്‍ മത്സരത്തിനിടെ താനും ഗൗതം ഗംഭീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായി മനോജ് തിവാരി പറയുന്നു. പുതിയൊരു താരം വരുമ്പോള്‍ അവര്‍ക്ക് പത്രത്തില്‍ പരിഗണന ലഭിക്കും. ഇതായിരിക്കാം ഗംഭീറിന് തന്നോട് ദേഷ്യമുണ്ടാകാനുള്ള കാരണം. എനിക്ക് ഒരു പിആര്‍ ടീം ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വരെ ആകുമായിരുന്നു എന്നും മനോജ് തിവാരി പറയുന്നു. 

'ഒരിക്കല്‍ എന്‍റെ ബാറ്റിങ് പൊസിഷന്‍ സംബന്ധിച്ച് ഈഡന്‍ ഗാര്‍ഡനില്‍ ഞങ്ങള്‍ തമ്മില്‍ വലിയ വാക്കുതര്‍ക്കമുണ്ടായി. ഞാന്‍ വലിയ വിഷമത്തോടെ വാഷ്റൂമിലേക്ക് പോയി. ഗംഭീര്‍ അങ്ങോട്ട് എത്തി ഈ സ്വഭാവം നടക്കില്ലെന്ന് പറഞ്ഞു. ഞാന്‌ നിങ്ങളെ ഒരു മത്സരത്തിലും കളിപ്പിക്കില്ല. എന്നിങ്ങനെയായിരുന്നു ഭീഷണി. നിങ്ങളെന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അതൊരു അടിയുടെ വക്കിലെത്തിയതാണ്. അന്നത്തെ ബൗളിങ് കോച്ച് വസിം അക്രം ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്'. 

ഡൽഹി-ബംഗാൾ രഞ്ജി ട്രോഫി മത്സരത്തിനിടെ പോലും അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. 'ഫീൽഡിന് പോകാന്‍ ഒരുങ്ങുമ്പോള്‍ ഞാൻ സൺസ്‌ക്രീൻ പുരട്ടുകയായിരുന്നു. ഗംഭീര്‍ പെട്ടന്ന് എന്‍റെ നേര്‍ക്ക് പൊട്ടിത്തെറിച്ചു. നീയെന്താണ് ചെയ്യുന്നത്? വേഗം ഗ്രൗണ്ടിലേക്ക് ഇറങ്ങു എന്ന് പറഞ്ഞായിരുന്നു ആക്രോശം'. 

മൈതാനത്തും ഗംഭീര്‍ ആക്രോശം തുടര്‍ന്നെന്ന് മനോജ് തിവാരി പറഞ്ഞു. 'ആരും പറയാത്ത വാക്കുകളായിരുന്നു ഗംഭീറിന്‍റേത്. അമ്മയെയും മകളെയും ചേര്‍ത്ത് അസഭ്യം പറഞ്ഞു. വൈകീട്ട് കാണാം. ഞാന്‍ നിന്നെ തല്ലാന്‍ പോവുകയാണെന്നായിരുന്നു ഭീഷണി. എന്തിനാണ് വൈകുന്നേരം വരെ കാക്കുന്നത് ഇപ്പോള്‍ അടിക്കാം എന്നായി ഞാന്‍. അംപയറെത്തിയാണ് അവിടെയൊരു സീന്‍ ഒഴിവാക്കിയത്. പിന്നീട് ഞാന്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലെത്തിയപ്പോള്‍ അവിടെ എത്തിയും ഗംഭീര്‍ അസഭ്യം തുടര്‍ന്നു', മനോജ് തിവാരി പറയുന്നു. 

ENGLISH SUMMARY:

Former Indian cricketer Manoj Tiwary reveals shocking allegations against Gautam Gambhir, detailing heated arguments, threats, and verbal abuse during IPL 2013 and Ranji Trophy matches.