ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി 20യില്‍ വിജയം ഇന്ത്യന്‍ ഭാഗത്തേക്ക് തിരിച്ചത് തിലക് വര്‍മയാണ്. 55 പന്തില്‍ നാല് സിക്സര്‍ സഹിതം 72 റണ്‍സ് അടിച്ച തിലക് വര്‍മയുടെ ഇന്നിങ്സില്‍ കണക്കിന് കിട്ടിയത് ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കാണ്. ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 21റണ്‍സ് വഴങ്ങിയ ആര്‍ച്ചര്‍ ചെപ്പോക്കില്‍ 60 റണ്‍സാണ് വഴങ്ങിയത്.
ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ മൂന്നു ഫോറുകളോടെ 13 റൺസാണ് അഭിഷേക് ശർമ അടിച്ചുകൂട്ടിയത്. ഇരട്ട സിക്സും ഒരു ഫോറും സഹിതം തിലക് വർമ ഒരു ഓവറിൽ അടിച്ചുകൂട്ടിയ 17 റൺസും നേടി. ആര്‍ച്ചറെ ലക്ഷ്യം വെച്ചു തന്നെയാണ് മത്സരത്തിന് ഇറങ്ങിയതെന്നും എതിരാളികളെ തളർത്താനുള്ള ബോധപൂർവമായ തന്ത്രമാണിതെന്നും തിലക് വര്‍മ മത്സര ശേഷം പറഞ്ഞു.
'മികച്ച ബൗളറെ ആക്രമിക്കാനായിരുന്നു തീരുമാനം. അങ്ങനെയായാല്‍ ബാക്കി ബൗളര്‍മാരും സമ്മര്‍ദ്ദത്തിലാകും. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോള്‍ ആര്‍ച്ചര്‍ക്കെതിരെ ഞാന്‍ അവസരങ്ങള്‍ മുതലെടുത്തു. ചെപ്പോക്കില്‍ കളിച്ച ഷോട്ടുകള്‍ നെറ്റ്സിൽ പരിശീലിച്ചവയായിരുന്നു. മാനസികമായി തയ്യാറെടുത്ത മത്സരമായിരുന്നു' എന്നാണ് തിലക് വര്‍മ പറഞ്ഞത്.
എന്ത് സംഭവിച്ചാലും അവസാനം വരെ ക്രീസിലുണ്ടാകുമെന്നും മത്സരം പൂര്‍ത്തിയാക്കുമെന്നും ഞാന്‍ മനസിലുറപ്പിച്ചിരുന്നതായും തിലക് വര്‍മ പറഞ്ഞു. കഴിഞ്ഞ മത്സരത്തിനിടെ ടീമിന്‍റെ ആവശ്യത്തിനൊത്ത് പൊരുത്തപ്പെട്ട് കളിക്കേണ്ടതിനെ പറ്റി ഗൗതം സര്‍ പറഞ്ഞിരുന്നു. സ്ട്രൈക്ക് റേറ്റ് ആറില്‍ കളിക്കുകയും ടീമിന് ആവശ്യമെങ്കില്‍ ഏഴോ പത്തിന് മുകളിലേക്കോ പോകണമെന്നായിരുന്നു ഓര്‍മിപ്പിച്ചത്. അതിന് അനുസരിച്ച് കളിച്ചതില്‍ സന്തോഷമുണ്ട് എന്നും തിലക് വര്‍മ പറഞ്ഞു.
അതേസമയം, രാജ്യാന്തര ട്വന്റി20-യില്‍ പുറത്താകാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും തിലക് വര്‍മ നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ക്വബേഹയില്‍ നടന്ന ട്വന്‍റി 20-യില്‍ പുറത്തായതിനു ശേഷം കളിച്ച നാല് ഇന്നിങ്സിലും തിലക് വര്‍മ നോട്ട്ഔട്ടായിയിരുന്നു. 107*, 120*, 19*, 72* എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. ഇതോടെ പുറത്താകാതെ തുടര്‍ച്ചയായി 318 റണ്‍സാണ് തിലക് വര്‍മ അടിച്ചെടുത്തത്. 271 റണ്‍സെടുത്ത ന്യൂസീലാന്‍ഡ് താരം മാര്‍ക്ക് ചാപ്മാന്റെ റെക്കോഡാണ് തിലക് മറികടന്നത്.