40–ാം പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ വൈറലായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിറന്നാള്‍ കേക്ക്. അല്‍ നസര്‍ ഫുട്ബോള്‍ ക്ലബ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കേക്കിന്റെ ചിത്രമാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. താരത്തിന്റെ പിറന്നാള്‍ ദിനങ്ങളിലെ പല കേക്കുകളും ഇതിന് മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ഒരു ഓള്‍ ഇന്‍ വണ്‍ കേക്ക് ട്രീറ്റാണ് സാക്ഷാല്‍ സീ ആര്‍ സെവന് ക്ലബ് സമ്മാനിച്ചത്.
മൂന്ന് തട്ടുകളുള്ള കേക്കില്‍ ജഴ്സി നമ്പറായ ഏഴ് എന്ന അക്കത്തിന് മുകളിലേക്ക് ബൈസൈക്കിള്‍ കിക്കടിക്കുന്ന റൊണാള്‍ഡോയാണ് ഐക്കണ്‍. അതിന് താഴെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് ഇംഗ്ലിഷില്‍. നീല നിറത്തിലുള്ള കേക്കിന്റെ ആദ്യത്തെ തട്ടില്‍ കുഞ്ഞു റൊണോയുടെ ചിത്രവുമുണ്ട്. അതിനൊപ്പം അല്‍ നസര്‍ ക്ലബിന്റെ ചിഹ്നം. കൂടെയൊരു കാല്‍പ്പന്തും.
രണ്ടാമത്തെ തട്ടില്‍ വിവിധ ടീമുകളിലായി ക്രസ്റ്റ്യാനോ അവിസ്മരണീയമാക്കിയ കളിക്കളത്തിലെ പ്രകടനങ്ങള്‍, സൂപ്പര്‍ പവര്‍ കിക്കുകള്‍, മാന്ത്രിക ഷോട്ടുകള്‍, ഗോളുകള്‍ എന്നിങ്ങനെ റൊണാള്‍ഡോ ആര്‍മിയെ കോരിത്തരിപ്പിക്കുന്ന ചിത്രങ്ങള്‍.
നീലയും മഞ്ഞയും വരകളുള്ള ഷാള്‍ പുതച്ച കേക്കിന്റെ മൂന്നാമത്തെ തട്ടിന് താഴെ പോര്‍ച്ചുഗല്‍ പതാക. അതിന് തൊട്ടുമുന്നില്‍ മദീറയുടെ രാജകുമാരന്‍ വലയിലാക്കിയ ആ അഞ്ച് ബലോന്‍ ദി ഓര്‍ പുരസ്കാരങ്ങള്‍.