വിരമിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി കളത്തിലേക്ക് തിരിച്ചെത്തുന്നു. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സമൂഹമാധ്യമത്തിലൂടെയാണ് ഛേത്രിയുടെ മടങ്ങിവരവ് പുറത്തുവിട്ടത്. ഈമാസം 19 ന് മാലിദ്വീപിനെതിരായ സൗഹൃദമല്‍സരം കളിച്ചേക്കുമെന്നാണ് സൂചന.
കണ്ട് കൊതിതീരും മുന്‍പേ കളിക്കളം വിട്ട് ഛേത്രി, ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ നെഞ്ചുലച്ച കാഴ്ച. എന്നാല്‍ ആ വേദന ഇനി മറക്കാം. വിരമിച്ച് ഒരുവര്‍ഷം തികയും മുന്‍പേ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍. എഎഫ്സി, എഷ്യ കപ്പ് യോഗ്യത മല്‍സരത്തില്‍ ഇന്ത്യക്കായി ഛേത്രി ബൂട്ടണിയും. ഓള്‍ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ എക്സിലൂടെയാണ് ഛേത്രിയുടെ മടങ്ങിവരവിന്‍റെ വാര്‍ത്ത പങ്കുവച്ചത്.
ഛേത്രി ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നായിരുന്നു കുറിപ്പ്. ഒപ്പം ഇന്ത്യയുടെ വരും മല്‍സരങ്ങള്‍ക്കായുള്ള, ഛേത്രി ഉള്‍പ്പെട്ട 26 അംഗ ടീമിന്റെ പട്ടികയും പുറത്തുവിട്ടു. നാല്‍പതുകാരനായ ഛേത്രി കഴിഞ്ഞവര്‍ഷം ജൂണിലാണ് രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചത്. ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ നാലാമത്തെ താരമാണ് ഛേത്രി. 150 മല്‍സരങ്ങളില്‍നിന്ന് നേടിയത് 94 ഗോളുകള്‍. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യത മല്‍സരമാണ് ഇന്ത്യക്കായി ഛേത്രി ഒടുവില്‍ കളിച്ചത്. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബാംഗ്ലൂര്‍ എഫ്സിക്കായി ഛേത്രി കളിക്കുന്നുണ്ട്.
Google Trending Topic - Sunil Chhetri