ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതിന്‍റെ ആവേശത്തിലാണ് രാജ്യമാകെ. ഞായറാഴ്ച ദുബായില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. വിജയത്തിന് പിന്നാലെ ടീമംഗങ്ങള്‍ ഗ്രൗണ്ടില്‍ ആഹ്ളാദപ്രകടനം തുടങ്ങിയിരുന്നു. വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും ആവേശം തുളുമ്പുന്ന പ്രതികരണങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അത്തരത്തില്‍ ഹൃദ്യമായ മറ്റൊരു ദൃശ്യം കൂടി സോഷ്യല്‍ മീഡിയയില്‍ തരംഗമായി. വിരാട് കോലി മുഹമ്മദ് ഷമിയുടെ അമ്മയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഷമിയുടെ കുടുംബത്തിനൊപ്പം ഫോട്ടോ എടുക്കുന്നതിന് മുന്‍പാണ് കോലി ഷമിയുടെ മാതാവിന്‍റെ കാല്‍ തൊട്ട് വന്നിച്ചത്. ഇതിനുശേഷമാണ് താരം ഷമിയുടെ കുടുംബത്തിനൊപ്പം ചിത്രമെടുത്തത്.
പിന്നാലെ താരത്തിന്‍റെ പെരുമാറ്റത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ കമന്‍റ് ചെയ്തു. ‘ഇതാണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ സൗന്ദര്യം’ എന്നാണ് ഒരാള്‍ കുറിച്ചത്. കിരീട നേട്ടത്തിന് ഇത്തരം നിമിഷങ്ങള്‍ കൂടുതല്‍ അര്‍ഥം നല്‍കുന്നുവെന്നാണ് മറ്റൊരു കമന്‍റ്. ഇത്രയും നേട്ടം കൊയ്തിട്ടും വിരാട് കോലി എത്ര വിനയാന്വിതനാണെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടി.
ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് കോലിയുടെ പ്രായം ചര്‍ച്ചയായിരുന്നെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു കളിക്കളത്തിലെ കോലിയുടെ പ്രകടനം. ഇത്തവണ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് കോലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിൽ 84 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് കോലി ആയിരുന്നു.